കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ചിത്രമുപയോഗിച്ച ഫ്ലക്സ് സ്ഥാപിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.’സുലൈമാന്റെ ബീവി ഫാത്തിമയെ വിജയിപ്പിക്കുക’യെന്ന വാചകത്തോടെ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം മറ്റൊരാളുടെ ചിത്രം കാണാം. ചക്കരക്കുടം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് എന്നും പിപിഡിപി പാര്‍ട്ടിയുടെ ചിഹ്നവും ഫ്ലക്സിലുണ്ട്. നവോത്ഥാന സാക്ഷര കേരളത്തില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പോലും സാധിക്കാത്ത വിധം മതാന്ധത ബാധിച്ച സമൂഹങ്ങളുണ്ടെന്ന വിമര്‍ശനത്തോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന ചിത്രം ‘വെള്ളരിപ്പട്ടണം’ എന്ന മലയാള സിനിമയിലേതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിലെ പഞ്ചായത്തിന്റെ പേരാണ് ആദ്യം സംശയമുളവാക്കിയത്. ഇതോടെ ചക്കരക്കുടം എന്നൊരു പഞ്ചായത്ത് കേരളത്തിലുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്തുത കീവേഡുപയോഗിച്ച് പരിശോധിച്ചു. ഇതിന് സമാനമായ പേരുകളില്‍ ചക്കിട്ടപ്പാറ, ചക്കുപല്ലം പഞ്ചായത്തുകള്‍ മാത്രമാണ് പട്ടികയിലുള്ളത്.
കൂടാതെ ചിത്രത്തിലെ പിപിഡിപി എന്നൊരു പാര്‍ട്ടിയും കേരളത്തിലില്ലെന്ന് കണ്ടെത്തി. ഇതോടെ ചിത്രം യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി.
സാങ്കല്‍പിക പാര്‍ട്ടിയും പഞ്ചായത്തുമായതിനാല്‍ ഇത് ഏതെങ്കിലും ഹ്രസ്വചിത്രത്തിലെയോ ചലച്ചിത്രത്തിലെയോ ദൃശ്യമാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ കൂടുതല്‍ കീവേഡ് പരിശോധനയില്‍ ചിത്രത്തിന്റെ വൈഡ്-സ്ക്രീന്‍ പതിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതായി കണ്ടെത്തി.
തുടര്‍ന്ന് ഗൂഗ്ള്‍ ജെമിനി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം മലയാള ചലച്ചിത്രമായ ‘വെള്ളരിപ്പട്ടണ’ത്തില്‍നിന്നുള്ളതാകാമെന്ന സൂചന ലഭിച്ചു.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് കെ ആര്‍ മണി നിര്‍മിച്ച് 2023-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മഞ്ജു വാര്യറാണ് ഫാത്തിമയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സൗബിന്‍ഷാഹിര്‍, സലിംകുമാര്‍ എന്നിവരും മുഖ്യവേഷങ്ങള്‍ ചെയ്തു.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മലയാളചലച്ചിത്രത്തിലെ ഭാഗമാണെന്നും വ്യക്തമായി.
Conclusion:
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ചിത്രമുപയോഗിച്ച് ഫ്ലക്സ് സ്ഥാപിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ല. ഇത് 2023-ല്‍ പുറത്തിറങ്ങിയ ‘വെള്ളരിപ്പട്ടണം’ എന്ന മലയാള ചലച്ചിത്രത്തിലെ ദൃശ്യമാണെന്ന് വസ്തുതപരിശോധനയില്‍ വ്യക്തമായി.