ദീര്‍ഘകാല ബഹിരാകാശ പര്യടനത്തിന് ശേഷം 2025 മാര്‍ച്ച് 19നാണ് സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് അവര്‍ യാത്ര പുറപ്പെടുന്നത് സംബന്ധിച്ച് തലേ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുനിത വില്യംസിനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗഭാഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ സുനിത വില്യംസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ ഇത്തരത്തില്‍ മന്ത്രി പറയുന്നതിന്റെ ഭാഗവും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രിയുടെ പ്രസംഗത്തിന്റെ ചെറിയഭാഗം മാത്രം സന്ദര്‍ഭത്തില്‍നിന്ന് മാറ്റി അപൂര്‍ണമായാണ് പ്രചരിപ്പിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയില്‍ കൈരളി ന്യൂസ് ചാനലിന്റെ ലോഗോ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൈരളി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പ്രസ്തുത വീഡിയോ കണ്ടെത്തി. 2025 മാര്‍ച്ച് 18നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി സംബന്ധിച്ചാണ് വാര്‍ത്ത. “കേരളത്തെ തകർക്കാൻ ശ്രമിക്കേണ്ട, സുനിത വില്യംസിനെപ്പോലെ തിരിച്ചുവരുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ” എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച മൂന്നുമിനുറ്റിലധികം ദൈര്‍ഘ്യമുള്ള വാര്‍ത്ത കണ്ടെത്തി. സര്‍ക്കാറിന്റെ സാമ്പത്തിക എസ്റ്റിമേറ്റ് സംബന്ധിച്ച് പ്രതിപക്ഷം സഭയിലുന്നയിച്ച ആശങ്കകള്‍ക്ക് ധനമന്ത്രി നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. സേഫ് ലാന്‍ഡിങിന്റെ സമയത്ത് ധനമന്ത്രി ടേക്ക് ഓഫിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ വിമര്‍ശിച്ചു. ഇതിന് മറുപടിയായാണ് ധനമന്ത്രി സുനിത വില്യംസിനെപ്പോലെ സംസ്ഥാനം പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.
ലാന്റിങ്, ടേക്ക് ഓഫ് തുടങ്ങിയ പ്രയോഗങ്ങള്‍ പ്രതിപക്ഷം ഉപയോഗിച്ച പശ്ചാത്തലത്തിലാണ് മറുപടി നല്‍കവെ സുനിത വില്യംസിന്റെ ഉദാഹരണം മന്ത്രി പരാമര്‍ശിക്കുന്നതെന്ന് കാണാം. ഇതില്‍ മന്ത്രിയുടെ വാക്യം പൂര്‍ണമായി കേട്ടാല്‍ സുനിത വില്യംസിനെപ്പോലെ പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നോട്ടുപോകുമെന്നാണ് മന്ത്രി പറയുന്നതെന്ന് വ്യക്തമാണ്.
Conclusion:
സുനിത വില്യംസ് കേരളത്തെ തകര്‍ക്കുമെന്ന തരത്തില്‍ ധനമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയില്‍ പ്രതിസന്ധികള്‍ക്കിടയിലും തിരിച്ചെത്തുന്ന സുനിത വില്യംസിനെപ്പോലെ കേരളം പ്രതിസന്ധികള്‍ മറികടന്ന് മുന്നേറുമെന്നാണ് ധനമന്ത്രി പറയുന്നത്. വാക്യം അപൂര്‍ണമായി മുറിയുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്താണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.