പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് അധീന കശ്മീരിലെ ലീപ താഴ്‍വരയില്‍ പാക്കിസ്ഥാന്റെ ആയുധപ്പുരയ്ക്ക് അജ്ഞാതന്‍ തീയിട്ടുവെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൂരെ ഒരു കെട്ടിടത്തില്‍നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളില്‍ പൊട്ടിത്തെറി ശബ്ദവും കേള്‍ക്കാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ മൂന്നുവര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ നേരത്തെ ഉപയോഗിച്ചതായി കണ്ടെത്തി. എന്‍ഡിടിവി 2022 മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ ദൃശ്യത്തില്‍നിന്നുള്ള സ്ക്രീന്‍ഷോട്ട് കാണാം.
വടക്കന്‍ പാക്കിസ്ഥാനിലെ സിയാല്‍കോട്ടില് ആയുധപ്പുരയ്ക്ക് തീപിടിച്ചത് സംബന്ധിച്ചാണ് വാര്‍ത്ത. പൊട്ടിത്തെറി ഉണ്ടായ സമയത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടായതിനാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
എബിപി ലൈവ് നല്‍കിയ വാര്‍ത്തയില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ ആളപായമില്ലെന്നും ഷോട്ട്സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നും പറയുന്നു. ഈ റിപ്പോര്‍ട്ടിലും പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ട് കാണാം.
ഇതോടെ സംഭവം പഴയതാണെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി.
Conclusion:
പാക് അധീന കശ്മീരിലെ ലിപ താഴ്‍വരയില്‍ ആയുധപ്പുരയ്ക്ക് അജ്ഞാതന്‍ തീയിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022 മാര്‍ച്ചില്‍ ഷോട്ട് സര്‍ക്യൂട്ട് മൂലം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ആയുധപ്പുരയിലുണ്ടായ തീപ്പിടിത്തത്തിന്റേതാണെന്നും വീഡിയോയ്ക്ക് നിലവിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു.