ഇത് ISRO പങ്കുവെച്ച ആദ്യ ദൃശ്യങ്ങളോ?

ISRO പങ്കുവെച്ച ആദ്യ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് ഭൗമോപരിതലത്തില്‍നിന്നുള്ളതിന് സമാനമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  29 Aug 2023 6:13 PM GMT
ഇത് ISRO പങ്കുവെച്ച ആദ്യ ദൃശ്യങ്ങളോ?

ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനിലെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. ഇതില്‍ മിക്കതും ISRO ഔദ്യോഗികമായി പുറത്തുവിട്ട ചിത്രങ്ങളോ ദൃശ്യങ്ങളോ അല്ലെന്നതാണ് വസ്തുത. പലതും നാസ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ബഹിരാകാശ കേന്ദ്രങ്ങള്‍ നേരത്തെ പങ്കുവെച്ചവയോ അല്ലെങ്കില്‍ കൃത്രിമമായി നിര്‍മിക്കുന്ന ആനിമേറ്റഡ് ദൃശ്യങ്ങളോ ആണ്. നിര്‍മിതബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.

ISRO പങ്കുവെച്ച ആദ്യ വീഡിയോ എന്ന അടിക്കുറിപ്പോടെ ഇപ്പോള്‍ മറ്റൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഭൗമോപരിതലത്തിന് സമാനമായി തോന്നുന്ന ഈ ദൃശ്യങ്ങള്‍ Babu Manakkattu എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് റീല്‍ രൂപത്തിലാണ് പങ്കുവെച്ചിരിക്കുന്നത്.Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ISRO പങ്കുവെച്ച ആദ്യവീഡിയോ എന്ന അവകാശവാദം പരിശോധിച്ചു. ഇതിനായി ISRO യുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കി. ഇത്തരത്തില്‍ ഒരു വീഡിയോ ISRO യുടെ ഒരു സമൂഹമാധ്യമ അക്കൗണ്ടിലും കണ്ടെത്താനായില്ല.

ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്ത ആഗസ്റ്റ് 23 ന് ശേഷം പേടകത്തിന്റെ രണ്ട് വീഡിയോകള്‍‌ മാത്രമാണ് ISRO പങ്കുവെച്ചത്. ഇതില്‍ റോവര്‍ പേടകത്തില്‍നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പിന്നീട് ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളുമാണുള്ളത്.


ഇതോടെ പ്രചരിക്കുന്ന വീഡിയോ ISRO പങ്കുവെച്ചതല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലവും സ്രോതസ്സും കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു.സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്നാല്‍ വീഡിയോയുടെ അവസാന ഫ്രെയിമുകളില്‍ ചില ക്രെഡിറ്റുകള്‍ നല്കിയത് കാണാനായി.


Som ET എന്ന കീവേഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് ബഹിരാകാശവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെയ്ക്കുന്ന സമൂഹമാധ്യമ അക്കൗണ്ടാണെന്ന് വ്യക്തമായി. Som ET എന്ന യൂട്യുബ് ചാനലില്‍ ഇതേ വീഡിയോ 2023 ഏപ്രില്‍ 13ന് പങ്കുവെച്ചതായി കണ്ടെത്തി.
വെരിഫൈഡ് അക്കൗണ്ട് ആണെങ്കിലും വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്കിയതായി കണ്ടില്ല. എന്നാല്‍ ഡിസ്ക്രിപ്ഷനില്‍ നാസയുടെ വെബ്സൈറ്റ് ഉള്‍പ്പെടെ ചില ലിങ്കുകള്‍ നല്കിയതായി ശ്രദ്ധയില്‍പെട്ടു.
നാസയുടെ ജോണ്‍സണ്‍ സ്പേയ്സ് സെന്‍ററിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ചതോടെ ഇതില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്നുള്ള ചിത്രങ്ങള്‍ ലഭ്യമാണെന്ന് വ്യക്തമായി. Gateway to Astronaut Photography of Earth എന്ന വെബ്സൈറ്റില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ ലഭ്യമാണ്.

തുടര്‍ന്ന് വീഡിയോയുടെ ടൈറ്റിലിനൊപ്പം നല്കിയ ISS067-E-357091-357756 എന്ന ഐഡി ഉപയോഗിച്ച് ഈ വെബ്സൈറ്റില്‍ പരിശോധിച്ചതോടെ വീഡിയോയിലേതിന് സമാനമായ ചിത്രം ലഭിച്ചു.


തുടര്‍ന്ന് വീഡിയോയുടെ ഉറവിടം കണ്ടെത്താനായി ശ്രമം തുടര്‍ന്നു. ഇതേ വെബ്സൈറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍ ഹൈപ്പര്‍ലാപ്സ് സാങ്കേതികവിദ്യയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ നിര്‍മിക്കുന്നതായി മനസ്സിലാക്കാനായി. ഇത് വെബ്സൈറ്റില്‍ ലഭ്യമാണെന്നും കണ്ടെത്തി.
തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയ്ക്കായി പരിശോധിച്ചു. ഇത്തരത്തില്‍ പങ്കുവെച്ച നിരവധി ഹൈപ്പര്‍ലാപ്സ് വീഡിയോയ്ക്കിടയില്‍നിന്നും 2022 സെപ്തംബറില്‍ പങ്കുവെച്ച ഈ വീഡിയോയുടെ ഒറിജിനല്‍ കണ്ടെത്തി.


ഈ ഹൈപ്പര്‍ലാപ്സ് വീഡിയോയ്ക്കായി ഉപയോഗിച്ച 665 ചിത്രങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.


ഇതോടെ പ്രചരിക്കുന്നത് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് പകര്‍ത്തിയ ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഹൈപ്പര്‍ലാപ്സ് വീഡിയോ ആണെന്ന് വ്യക്തമായി.

Conclusion:

ISRO പങ്കുവെച്ച ആദ്യ വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ISRO യുമായോ ചന്ദ്രയാന്‍ ദൗത്യവുമായോ യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍‌ വ്യക്തമായി. ഇത് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍നിന്നെടുത്ത ചിത്രങ്ങളുപയോഗിച്ച് നിര്‍മിച്ച ഭൗമോപരിതലത്തിന്റെ ഹൈപ്പര്‍ലാപ്സ് വീഡിയോ ആണെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി.

Claim Review:First video shared by ISRO
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story