കര്‍ണാടകയിലെ ഷിരൂരിനടുത്ത് അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി തിരച്ചില്‍ രണ്ടാഴ്ചയോളമായി തുടരുകയാണ്. ദുരന്തത്തില്‍ കാണാതായ മറ്റുചിലരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുക്കുകയും ചെയ്തു. ദുരന്തത്തിന്റെ ആദ്യ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
ഷിരൂരിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പങ്കുവെച്ച ഈ വീഡിയോ പ്രസ്തുത മണ്ണിടിച്ചിലിന്റെ ആദ്യ ദൃശ്യങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ ഇത് അതിന് ശേഷം മറ്റൊരിടത്ത് ഉണ്ടായ അപകടത്തിന്റേതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി വീഡിയോയിലെ ഏതാനും ഫ്രെയിമുകള്‍ സൂക്ഷ്മമായി പരിശോധിച്ചതോടെ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന പ്രദേശത്തിന്റെ ഘടനയില്‍നിന്നും പ്രകടമായ മാറ്റങ്ങളുണ്ടെന്ന് വ്യക്തമായി. ഇതോടെ ഇത് മറ്റൊരു സ്ഥലത്ത് നടന്ന സംഭവമാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ ദി ഹിന്ദുവിന്റേതുള്‍പ്പെടെ നിരവധി മാധ്യമവാര്‍ത്തകളില്‍ ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
കര്‍ണാടകയിലെ മംഗലൂരു - ബംഗലൂരു ദേശീയപാത 75-ല്‍ 2024 ജൂലൈ 17ന് രാത്രി നടന്ന അപകടമാണെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 18ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇത് ഷിരദിഘട്ട് പാതയിലെ സാക്ലേഷ്പൂര്‍ താലൂക്കിലാണെന്നും ഇത് ഹാസന്‍ ജില്ലയിലാണെന്നും വ്യക്തമാക്കുന്നു.
മറ്റുചില മാധ്യമറിപ്പോര്‍ട്ടുകളിലും ഇതേ വിവരങ്ങള്‍ കാണാം.
2024 ജൂലൈ 17ന് അര്‍ധരാത്രിയോ 18 ന് പുലര്‍ച്ചെയോ ആണ് അപകടമുണ്ടായതെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. മംഗലൂരിലെ പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഈ റിപ്പോര്‍ട്ടുകളിലെല്ലാം ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രചരിക്കുന്ന വീഡിയോയിലേതാണെന്ന് വ്യക്തമാണ്. ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷിരൂരിനടുത്ത് അങ്കോലയിലെ അപകടത്തിന്റേതല്ലെന്നും ജൂലൈ 18ന് പുലര്‍ച്ചെയുണ്ടായ മറ്റൊരു അപകടത്തിന്റേതാണെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ ദുരന്തത്തിന് ഷിരൂരിലെ മണ്ണിടിച്ചിലുമായി നേരിട്ട് ബന്ധമില്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായി. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ അപകടം നടന്നത് 2024 ജൂലൈ 16ന് രാവിലെ 8.30ഓടെയാണെന്ന് വ്യക്തമായി.
ഷിരൂരിലെ അപകടവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് ജൂലൈ 17ന് രാവിലെ മുതലാണ്. മണ്ണിടിച്ചില്‍ നടന്നത് ദേശീയപാത 66 ലാണെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ഇത് രണ്ടും രണ്ട് വ്യത്യസ്ത മണ്ണിടിച്ചിലുകളാണെന്ന് വ്യക്തമായി.ഷിരൂരിനടുത്ത് അങ്കോലയില്‍ ദേശീയപാത 66-ലെ മണ്ണിടിച്ചിലാണ് ആദ്യമുണ്ടായത് - ജൂലൈ 16 ന് രാവിലെ 8.30-ഓടെ. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന സാക്ലേഷ്പൂരിലെ ദേശീയപാത -75ലെ മണ്ണിടിച്ചിലുണ്ടായത് ജൂലൈ 18ന് പുലര്‍ച്ചെയാണ്. ഈ രണ്ട് പ്രദേശങ്ങളും തമ്മില്‍ 350 കിലോമീറ്ററിലധികം ദൂരവ്യത്യാസമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
കര്‍ണാടകയിലെ ഷിരൂരിനടുത്ത് അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിന്റെ ആദ്യദൃശ്യങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പങ്കുവെയ്ക്കുന്ന വീഡിയോ, പ്രസ്തുത ദുരന്തം കഴിഞ്ഞ് രണ്ടാം ദിവസം പുലര്‍ച്ചെ കര്‍ണാടകയിലെതന്നെ സാക്ലേഷ്പുരയില്‍ ഷിരദിഘട്ട് മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഈ രണ്ട് ദുരന്തങ്ങള്‍ തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നും ഇരുപ്രദേശങ്ങളും തമ്മില്‍ 350 കിലോമീറ്ററിലധികം ദൂരവ്യത്യാസമുണ്ടെന്നും കണ്ടെത്തി.