ലോക്സഭ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്ന വടകര നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിനിടെ ഒരു വിവാദ സന്ദേശം ചര്‍ച്ചയായിരുന്നു. CPIM സ്ഥാനാര്‍ത്ഥി കെ കെ ശൈലജ്ക്കെതിരെ വോട്ടെടുപ്പിന്റ തലേദിവസം പ്രചരിച്ച വാട്സാപ്പ് സന്ദേശത്തില്‍ മതപരവും വര്‍ഗീയവുമായ ഉള്ളടക്കമാണ് ഉണ്ടായിരുന്നത്. ഷാഫി പറമ്പിലിനെ അനുകൂലിച്ച് പ്രചരിച്ച സന്ദേശത്തില്‍ ‘കാഫിര്‍’ ആയ ശൈലജയ്ക്ക് വോട്ട് നല്‍കരുതെന്നായിരുന്നു ആഹ്വാനം. ഇതിനെതിരെ ഷാഫി പറമ്പില്‍തന്നെ രംഗത്തെത്തിയിരുന്നു.
മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പി കെ കാസിമും മുസ്ലിം യൂത്ത് ലീഗും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു മുന്നണികളും വിഷയത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യാജ സ്ക്രീന്‍ഷോട്ട് CPIM കേന്ദ്രങ്ങളില്‍നിന്ന് പടച്ചുവിട്ടതാണെന്നായിരുന്നു UDF ന്റെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡിന്റെ രൂപത്തില്‍ പുതിയ പ്രചാരണം.
CPIM മുന്‍ MLA കെ കെ ലതിക സംഭവത്തില്‍ തെറ്റ് സമ്മതിച്ചതായാണ് അവകാശവാദം. സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നും തന്റെ മകന് പറ്റിയ തെറ്റാണിതെന്നും മകനെ കുരുക്കിലാക്കരുതെന്നും പറഞ്ഞ് കെ കെ ലതിക രംഗത്തെത്തിയതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. (Archive)
തെറ്റ് സമ്മതിച്ചാല്‍ പോര, കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും നിയമനടപടി നേരിടണമെന്നുമുള്‍പ്പെടെ ആവശ്യപ്പെട്ട് നിരവധി പേരാണ് ഈ വാര്‍ത്താകാര്‍ഡ് സമുൂഹമാധ്യമങ്ങളില്‍ പങ്കിടുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെ കെ ലതിക ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡിലെ പ്രധാന ഉള്ളടക്കത്തില്‍ രണ്ട് ഫോണ്ടുകള്‍ ഉപയോഗിച്ചതായി കാണാം. ഇതില്‍ രണ്ടാം ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്ന ഫോണ്ടല്ല. ഇത് പ്രഥമദൃഷ്ട്യാ സംശയമുളവാക്കി. തുടര്‍ന്ന് ഈ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകളെല്ലാം പരിശോധിച്ചെങ്കിലും ഇത്തരമൊരു കാര്‍ഡ് കണ്ടെത്താനായില്ല. പിന്നീട് കീവേഡുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ വിശദമായ തിരച്ചിലിലില്‍ സമാനമായ കാര്‍ഡ് 2024 മെയ് 30 ന് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചതായി കണ്ടെത്തി.
വടകരയിലെ കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട് മുന്‍ MLA കെ കെ ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് വാര്‍ത്താ കാര്‍ഡ്. ഇതില്‍ ഉള്ളടക്കത്തിന്റെ രണ്ടാംഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് നിലവിലെ പ്രചാരണമെന്ന് ഇതോടെ വ്യക്തമായി. കെ കെ ലതിക ഇതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും പ്രതികരണം നടത്തിയതായി മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.
കേസില്‍ കെ കെ ലതിക വിവാദ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അവരുടെ മൊഴിയെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ കെ കെ ലതികയുടെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Conclusion:
വടകരയിലെ ‘കാഫിര്‍’ പ്രയോഗമടങ്ങിയ വാട്സാപ്പ് സന്ദേശവുമായി ബന്ധപ്പെട്ട് CPIM മുന്‍ MLA കെ കെ ലതിക തെറ്റ് സമ്മതിച്ചുവെന്ന വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്താകാര്‍ഡാണ് ഏഷ്യാനെറ്റ് ന്യൂസ് യഥാര്‍ത്ഥത്തില്‍ പങ്കുവെച്ചത്.