സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവായി 'ജന്മഭൂമി' വാര്‍ത്ത: വസ്തുതയറിയാം

1947 ഓഗസ്റ്റ് 15ന്റെ ജന്മഭൂമി ദിനപത്രത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന അവകാശവാദത്തോടെയാണ് പത്രത്തിന്‍റെ ആദ്യപേജിന്‍റെ ചിത്രം പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  1 April 2023 10:49 AM GMT
സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവായി ജന്മഭൂമി വാര്‍ത്ത: വസ്തുതയറിയാം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രാഷ്ട്രീയമായി ഏറെ ഉപയോഗിക്കാറുള്ള ഒന്നാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞു എന്ന വാദം. ഈയിടെ രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍‌ ആര്‍എസ്എസ്സിനെ വിമര്‍ശിച്ച അദ്ദേഹം ‘മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെ’ന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സവര്‍ക്കര്‍ മാപ്പു പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്‍ വെല്ലുവിളിച്ചിരുന്നു.




ഈ സാഹചര്യത്തിലാണ് സവര്‍ക്കര്‍ മാപ്പു പറഞ്ഞതുമായി ബന്ധപ്പെട്ട് ജന്മഭൂമി പത്രത്തില്‍ 1947 ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന അവകാശവാദത്തോടെ പത്രത്തിന്‍റെ ഒന്നാം പേജ് പ്രചരിക്കുന്നത്.




Sanooj Shajahan എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ ‘ഇനിയും നൂറുവട്ടം മാപ്പുപറയാന്‍ തയ്യാര്‍ - സവര്‍ക്കര്‍ജി’ എന്ന തലക്കെട്ടില്‍ വാര്‍ത്ത ഉള്‍പ്പെടുത്തിയ ജന്മഭൂമി പത്രത്തിന്‍റെ ആദ്യപേജ് കാണാം.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ നല്‍കിയിരിക്കുന്ന പത്രത്തിന്‍റെ ആദ്യപേജിന്‍റെ ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചു. നല്‍കിയിരിക്കുന്ന മറ്റു തലക്കെട്ടുകളും ഒരു ആക്ഷേപഹാസ്യത്തിന്‍റെ തലത്തിലാണെന്ന് വ്യക്തമായി. മാത്രവുമല്ല, ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകളെല്ലാം ഡിജിറ്റല്‍ ഫോണ്ടുകളാണെന്നും കാണാം. കൂടാതെ ചിത്രത്തില്‍ ആദ്യവാര്‍ത്തയുടെ ചിത്രത്തിന് താഴെ ഒരു ഭാഗം PC എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് മറച്ചിട്ടുമുണ്ട്.

തുടര്‍ന്ന് ജന്മഭൂമി പത്രത്തിന്‍റെ ചരിത്രം പരിശോധിച്ചു. ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതോടെ പത്രം ആരംഭിച്ചത് 1975 ഏപ്രില്‍ 28ന് സായാഹ്ന പത്രമായാണെന്ന് മനസ്സിലായി. തുടര്‍ന്ന് അടിയന്തരാവസ്ഥ കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തുകയും 1977നവംബര്‍ 14ന് എറണാകുളത്തുനിന്ന് പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ചെയ്തു.


ജന്മഭൂമിയുടെ ആദ്യ പതിപ്പിലെ ആദ്യപേജിന്റെ ചിത്രവും വെബ്സൈറ്റില്‍നിന്ന് ലഭിച്ചു.




ഇതോടെ പ്രചരിക്കുന്ന ചിത്രം ജന്മഭൂമി പത്രത്തിന്‍റേതല്ലെന്ന് വ്യക്തമായി.

വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സ്രോതസ്സ് അന്വേഷിച്ചു. ഇതോടെ 2018 മുതല്‍ പ്രചരിക്കുന്ന ചിത്രമാണിതെന്ന് വ്യക്തമായി. സ്വാതന്ത്ര്യദിനത്തില്‍ ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എങ്ങനെ വാര്‍ത്ത നല്‍കുമായിരുന്നു എന്ന് ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കാന്‍ പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ICU തയ്യാറാക്കിയ ചിത്രമാണിതെന്ന് കണ്ടെത്തി. അന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോളായി നിരവധി പേജുകളില്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു.



ഈ ചിത്രത്തിലെ ICU ലോഗോയും തലക്കെട്ടായി നല്‍കിയ വാചകവും മാറ്റിയാണ് പുതിയ സാഹചര്യത്തില്‍ യഥാര്‍ത്ഥ പത്രത്തിന്‍റെ ചിത്രമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. 2018ല്‍ പ്രചരിച്ച ട്രോളുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.




ഇതോടെ പ്രചരിക്കുന്ന ചിത്രം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടേതല്ലെന്ന് വ്യക്തമായി.


Conclusion:

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞതുമായി ബന്ധപ്പെട്ട് ജന്മഭൂമി പത്രം 1947 ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന അവകാശവാദത്തോടെ പങ്കുവെയ്ക്കുന്ന ചിത്രം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. ചിത്രം ആക്ഷേപഹാസ്യ രൂപേണ 2018ല്‍ പ്രചരിച്ചതാണെന്നും ജന്മഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1975ലായതിനാല്‍ ഇതിന് പത്രവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

Claim Review:Front page of Janmabhumi daily printed on 1947 August 15th reporting Savarkar’s apology
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story