Fact Check: ക്ലാസ്മുറിയില്‍ ലിംഗവിവേചനം - കേരളത്തിനെതിരെ പ്രചരിക്കുന്ന വീഡിയോയുടെ സത്യമറിയാം
കേരളത്തിലെ സ്കൂള്‍ ക്ലാസ്മുറിയില്‍ ആണ്‍കുട്ടികളെയും ഹിജാബ് ധരിച്ച പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തിയ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
Claim:കേരളത്തിലെ സ്കൂളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തുന്ന ദൃശ്യങ്ങള്‍
Fact:ദൃശ്യങ്ങള്‍ മഹാരാഷ്ട്ര നന്ദേതിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേത്.
സ്കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ വീണ്ടും ഉത്തരേന്ത്യന്‍ പ്രചാരണം. കേരളത്തിലെ ക്ലാസ്മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുന്നുവെന്നും താലിബാന്‍ ശൈലിയിലാണ് കേരളത്തിലെ വിദ്യാഭ്യാസമെന്നും അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആണ്‍കുട്ടികളും മുഖം മറച്ച പെണ്‍കുട്ടികളും ഇരിക്കുന്നതായി കാണാം. ഇവര്‍ക്കിടയില്‍ ഒരു മറയുമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് പ്രചാരണം.
ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി വെബ്സൈറ്റിലും ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതം സമാന റിപ്പോര്‍ട്ട് കാണാം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ 2025 ഒക്ടോബര്‍ 10 ന് പങ്കിട്ടതായി കണ്ടെത്തി.
Aamer’s MOS Academy എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് റീലായി പങ്കുവെച്ച വീഡിയോ Mukathar Sir എന്ന മറ്റൊരു പ്രൊഫൈലുമായി ടാഗ് ചെയ്തിട്ടുണ്ട്. MOS Academy-യുടെ ഇന്‍സ്റ്റഗ്രാം പേജ് പരിശോധിച്ചതോടെ ഇതേ ക്ലാസ്മുറിയിലേതടക്കം നിരവധി വീഡിയോ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി. കുട്ടികളുടെ യൂണിഫോമും ക്ലാസ്മുറിയുടെ ഘടനയുമെല്ലാം പ്രചരിക്കുന്ന വീഡിയോയിലേതാണെന്ന് ഇതോടെ വ്യക്തമായി. ഇന്‍സ്റ്റഗ്രാം പേജിന്റെ വിവരണത്തില്‍ മഹാരാഷ്ട്രയിലെ നന്ദേതില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണിതെന്ന സൂചനയുണ്ട്.
തുടര്‍ന്ന് വീഡിയോ ടാഗ് ചെയ്തിരിക്കുന്ന Mukthar Sir എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചു. ഇതിലും ഈ അക്കാദമിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും കാണാം.
അഡ്മിഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്ററുകളില്‍നിന്ന് സ്ഥാപനം നടത്തുന്നത് ആമേര്‍. മുക്താര്‍ എന്നീ രണ്ട് വ്യക്തികളാണെന്നും മഹാരാഷ്ട്രയില്‍ നന്ദേതിലെ ഡെഗ്‍ലൂര്‍നാഗ പൊലീസ് ചൗക്കിന് സമീപമാണ് സ്ഥാപനമെന്നും വ്യക്തമായി. ഗൂഗ്ള്‍ മാപ്പ് വിവരങ്ങളും ഇത് സ്ഥിരീകരിക്കുന്നു.
സ്ഥാപനത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ക്കായി വെബ്സൈറ്റ് പരിശോധിച്ചെങ്കിലും ഈ സ്ഥാപനത്തിന് വെബ്സൈറ്റ് ഇല്ലെന്ന് കണ്ടെത്തി. പകരം നല്‍കിയിരിക്കുന്ന യൂട്യൂബ് ചാനലില്‍ സ്ഥാപനത്തെക്കുറിച്ച് വിവരങ്ങളുണ്ട്. 10, 12 ക്ലാസുകളില്‍ ട്യൂഷനും മറ്റ് മത്സരപരീക്ഷകളിലേക്ക് പരിശീലനവും നല്‍കുന്ന സ്വകാര്യ സ്ഥാപനമാണിത്.
ഇതോടെ ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്ന് വ്യക്തമായി.
Conclusion:
കേരളത്തിലെ സ്കൂളുകളില്‍ ലിംഗ വിവേചനമാണെന്നും താലിബാന്‍ ശൈലിയിലാണ് ക്ലാസ്മുറികളില്‍ പഠനമെന്നും അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണ്. ദൃശ്യങ്ങള്‍ മഹാരാഷ്ട്രയിലെ നന്ദേതില്‍ സ്ഥിതിചെയ്യുന്ന എംഒഎസ് അക്കാദമിയിലേതാണെന്നും ഇതിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.