പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതോ?
മണിപ്പൂരിലെ ക്രൂരത എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏതാനും പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിക്കുന്നത് കാണാം.
By - HABEEB RAHMAN YP | Published on 30 July 2023 10:43 PM IST
മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും പഴയതോ തെറ്റായ അടിക്കുറിപ്പോടെയുള്ളതോ ആണ്. അതുകൊണ്ടുതന്നെ മണിപ്പൂര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളെല്ലാം വസ്തുത പരിശോധന നടത്തേണ്ട സാഹചര്യവുമുണ്ട്.
മണിപ്പൂരിലെ ക്രൂരതയെന്ന വിവരണത്തോടെ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഏതാനും പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി മര്‍ദിക്കുന്നത് കാണാം.
Ashraf Nambrath എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നല്കിയ വിവരണത്തില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുടെ ഭീകരത വിവരിക്കുന്നു.
നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
വസ്തുത പരിശോധനയുടെ ഭാഗമായി വീഡിയോ ദൃശ്യങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി. വീഡിയോയുടെ അവസാനഭാഗത്തെ കീഫ്രെയിമിലെ ദൃശ്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ കണ്ടെത്തി.
2021 ജൂണ്‍ മൂന്നിനാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍. 20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍നിന്ന് തിരിച്ചുവന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് വാര്‍ത്ത. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് വാര്‍ത്തയിലുമുള്ളതെന്ന് കാണാം.
ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് ഗൂഗ്ളില്‍ കീവേഡ് പരിശോധന നടത്തി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
The Quint നല്‍കിയ 2021 ജൂണ്‍ 2ന് റിപ്പോര്‍ട്ടിലും ഇതേ വീഡിയോയില്‍നിന്നുള്ള ചിത്രം കാണാം. കുടുംബവഴക്കിന്‍റെ ഭാഗമായി നടന്ന സംഭവമാണെന്ന് വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കാം. ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചുവന്ന പത്തൊന്‍പതുകാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായും ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജൂണ്‍ 2ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .
ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും ഇതേ വാര്‍ത്ത ഈ ദിവസങ്ങളില്‍ നല്‍കിയിട്ടുണ്ട്. Mirror Now യൂട്യൂബ് ചാനലിലും സംഭവത്തിന്‍റെ മറ്റ് ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് കണ്ടെത്താനായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2021 ജൂണിലേതോ അതിനു മുന്‍പത്തേതോ ആണെന്നും മധ്യപ്രദേശില്‍നിന്നുള്ളതാണെന്നും വ്യക്തമായി.
Conclusion:
പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ മണിപ്പൂര്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2021 ലേതാണെന്നും മധ്യപ്രദേശില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.