തിരുപ്പതിയിലെ മുന്‍ മുസ്ലിം വനിതാ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് ആഭരണങ്ങള്‍ പിടിച്ചെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥയായിരുന്ന മുബീന നിഷ്ക ബീഗത്തിന്റെ വീട്ടിലെ റെയ്ഡിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെല്ലൂരില്‍ 2021-ലുണ്ടായ ജ്വല്ലറി കവര്‍ച്ചയുടെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ചില മാധ്യമവാര്‍ത്തകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. പുതിയതലമുറൈ ടിവി 2021 ഡിസംബറില്‍ നല്‍കിയ ഒരു വാര്‍ത്തയില്‍ സമാന ദൃശ്യങ്ങള്‍ കാണാം.
നല്‍കിയിരിക്കുന്ന വാര്‍ത്ത തമിഴ്നാട് വെല്ലൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. പതിനഞ്ച് കിലോയിലധികം സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി തൊണ്ടിമുതല്‍ കണ്ടെടുത്ത ദൃശ്യങ്ങളാണിത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഇന്ത്യന്‍ എക്സ്പ്രസ് 2021 ഡിിസംബര്‍ 22ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും സമാന ചിത്രം കാണാം. തൊണ്ടിമുതല്‍ സഹിതം പൊലീസ് പത്രസമ്മേളനം നടത്തുന്ന ചിത്രത്തിനൊപ്പം സംഭവത്തില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായും പറയുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലും ചിത്രസഹിതം വിവരം പങ്കുവെച്ചിട്ടുണ്ട്.
തുടര്‍ന്ന് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇത്തരത്തില്‍ എന്തെങ്കിലും സംഭവം നടന്നിരുന്നോ എന്നും പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2016-ലെ ഒരു കേസുമായി ബന്ധപ്പെട്ട വാര്‍ത്ത ലഭിച്ചു. ദി ഹിന്ദു 2020 സെപ്തംബര്‍ 29ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തിരുപ്പതി ദേവസ്ഥാനത്തെ അംഗവും വ്യവസായിയുമായ ശേഖര്‍ റെഡ്ഢി എന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ് വാര്‍ത്ത. കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയ്ക്ക് തെളിവുകള്‍ കണ്ടെത്താനായില്ലന്നതാണ് വാര്‍ത്ത.
ഇതോടെ നിലവിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
തിരുപ്പതിയിലെ മുന്‍ മുസ്ലിം വനിതാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്നത് 2021ല്‍ വെല്ലൂരില്‍ നടന്ന ഒരു ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ്. തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നപോലെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും 2016ലെ മറ്റൊരു കേസില്‍ കുറ്റാരോപിതനായിരുന്ന ശേഖര്‍ റെഡ്ഢിയെന്ന വ്യക്തിയെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.