ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 5000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ സര്‍ക്കാര്‍ നല്‍കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. അഞ്ഞൂറ് രൂപ നോട്ടിന്റെ ചിത്രമടക്കം നല്‍കിയിരിക്കുന്ന ലിങ്കില്‍ ഫോണ്‍പേയുടെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രഥമദൃഷ്ട്യാ വ്യാജമെന്ന് തോന്നുന്ന നിരവധി സൂചനകള്‍ പോസ്റ്റില്‍ കാണാം. നല്‍കിയിരിക്കുന്ന വിവരങ്ങളുടെ വാക്യഘടനയും ഉപയോഗിച്ചിരിക്കുന്ന ഉള്ളടക്കവുമെല്ലാം പോസ്റ്റ് വ്യാജമാകാമെന്നതിന്റെ സൂചനയായി. നേരത്തെയും ഇത്തരം സാമ്പത്തിക തട്ടിപ്പുകളുടെ നിരവധി ലിങ്കുകള്‍ സമാനമായ രീതിയില്‍ പ്രചരിച്ചിരുന്നു.
ലിങ്ക് പങ്കിട്ട ഫെയ്സ്ബുക്ക് പേജാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത് ഔദ്യോഗിക പേജ് അല്ലെന്നും തട്ടിപ്പിനായി മാത്രം ഉണ്ടാക്കിയതാണെന്നും പരിശോധനയില്‍ വ്യക്തമായി. പേജില്‍ മറ്റ് ഉള്ളടക്കങ്ങള്‍ ഒന്നുംതന്നെ പങ്കിട്ടതായി കാണാനായില്ല.
തുടര്‍ന്ന് പ്രചരിക്കുന്ന ലിങ്കും പരിശോധനയ്ക്ക് വിധേയമാക്കി. യാതൊരു ഔദ്യോഗിക ഡൊമെയന്‍ പേരുമില്ലാതെയാണ് ലിങ്ക് നല്‍കിയിരിക്കുന്നത്. ഇത് തട്ടിപ്പിനായി തയ്യാറാക്കിയിരിക്കുന്ന വ്യാജ വെബ്സൈറ്റിലേക്കാണ് പോകുന്നത്. പേജിലെത്തിയാല്‍ സ്ക്രാച്ച് ചെയ്യാനുള്ള ബട്ടണ്‍ തെളിഞ്ഞുവരുന്നു. ഇതില്‍ സ്ക്രാച്ച് ചെയ്യുന്നതോടെ ഒരു തുക സ്ക്രീനില്‍ തെളിയുന്നു. ഈ തുക ലഭിക്കാനെന്ന മട്ടില്‍ തുടര്‍ന്ന് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍പേ ആപ്പ് തുറന്നവരുന്നു.
എന്നാല്‍ പണം ലഭിക്കുന്നതിന് പകരം അക്കൗണ്ടില്‍നിന്ന് പ്രസ്തുത തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറപ്പെടുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
Conclusion
ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് സര്‍ക്കാറിന്റെ ഓഫര്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്ന ഈ ലിങ്കിലൂടെ പണം ലഭിക്കുകയില്ലെന്നും മറിച്ച് പണം നഷ്ടപ്പെടുകയാണ് ചെയ്യുകയെന്നും അന്വേഷണത്തില്‍ വ്യക്തമായി.