കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ജിം ഷാജഹാനോ’? സത്യമറിയാം
‘ജിം ഷാജഹാന്‍’ എന്നറിയപ്പെടുന്ന കുണ്ടറ സ്വദേശിയുടെ ചിത്രമടക്കം ഉപയോഗിച്ചുകൊണ്ട് മതസ്പര്‍ധ പടര്‍ത്തുന്നതരത്തില്‍ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇയാള്‍ നേരത്തെ മോഷണക്കേസുകളിലടക്കം പ്രതിയാണ്.
By - HABEEB RAHMAN YP | Published on 29 Nov 2023 10:28 PM ISTകൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് രേഖാചിത്രം പുറത്തുവിട്ടതോടെ ചിത്രത്തോട് സാമ്യമുള്ള വ്യക്തിയെ കേന്ദ്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ‘ജിം ഷാജഹാന്‍’ എന്നറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശിയ്ക്കെതിരെയാണ് പ്രചരണം.
വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍നിന്നും അക്കൗണ്ടുകളില്‍നിന്നും പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പം അമൃതടിവിയില്‍ ഇതുസംബന്ധിച്ച് വന്ന ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും നല്കിയിട്ടുണ്ട്.
Fact-check:
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. പിറ്റേദിവസം വൈകീട്ട് ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തിയപ്പോഴും അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. അതിന് പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞുവെങ്കില്‍ അത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുമെന്നുറപ്പാണ്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഇത്തരത്തില്‍ ഒരു വാര്‍ത്തയും കണ്ടെത്താനായില്ല.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അമൃത ടിവിയില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി പല ഓണ്‍ലൈന്‍ ചാനലുകളും വാര്‍ത്ത നല്കിയിരുന്നതായും അമൃത ഉള്‍പ്പെടെ ഇത് പിന്നീട് പിന്‍വലിച്ചതായും കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ വാര്‍ത്ത വരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജിം ഷാജഹാന്‍ എന്നയാള്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നതായും താന്‍ കേസില്‍ ഉള്‍പെട്ടിട്ടില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയതായും മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി.
താനാണ് സംഭവത്തിന് പിന്നിലെന്ന് വാര്‍ത്ത പ്രചരിച്ചതോടെ അടച്ചിട്ട വീടിനുനേരെ ആക്രമണം ഉണ്ടായെന്നും ഇതിനെ തുടര്‍ന്ന് സ്വയം പൊലീസ് സ്റ്റേഷനിലെത്തിയെന്നും അദ്ദേഹം പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനലിലും ഈ ദൃശ്യങ്ങള്‍ കാണാം.
ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. സ്റ്റേഷന്‍ എസ് ഐ യുടെ പ്രതികരണം ഇങ്ങനെ:
“കുണ്ടറ സ്വദേശിയായ ജിം ഷാജഹാന്‍ എന്നറിയപ്പെടുന്ന വ്യക്തിക്കെതിരെ നേരത്തെ സമീപത്തെ പല സ്റ്റേഷനുകളിലായി മോഷണക്കുറ്റം ഉള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണ്. പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കെതിരെ ഇതുവരെ ഇത്തരത്തില്‍ സംശയിക്കാവുന്ന യാതൊന്നും ലഭിച്ചിട്ടില്ല. മാത്രവുമല്ല, വ്യാജപ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്നെ നേരിട്ടാണ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി കേസുകള്‍ ഉള്ളതിനാലും രേഖാചിത്രവുമായി സാമ്യമുള്ളതിനാലുമാവാം ഇത്തരം പ്രചരണം നടന്നത്. രേഖാചിത്രവുമായി സാമ്യമുള്ള വേറെയും ആളുകളുടെ ചിത്രങ്ങള്‍ പലരും പൊലീസിന് അയച്ചുതന്നിരുന്നു.”
ഇതോടെ പ്രചരണം പൂര്‍ണമായും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. കേസില്‍ പ്രതികളെ ആരെയും ഇതുവരെ (29/11/2023 രാത്രി 10.30) പിടികൂടിയിട്ടില്ലെന്നും സ്ഥിരീകരിച്ചു.
അമൃതടിവിയില്‍ ഈ വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
Conclusion:
കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്നും ഈ വസ്തുതാപരിശോധന പ്രസിദ്ധീകരിക്കുന്ന സമയംവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ജിം ഷാജഹാന്‍ എന്നയാളാണ് പ്രതി എന്ന തരത്തില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി.