ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്. ആക്രമണങ്ങള്‍ക്ക് മതപരവും സാമുദായികവുമായ തലങ്ങള്‍ നല്‍കിയുള്ള പ്രചാരണങ്ങളുമുണ്ട്. ഒരു ഹിന്ദു കുടുംബത്തിലെ എല്ലാവരെയും മുസ്ലിംകള്‍ വീട്ടിലെത്തി കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍ സമാനസാഹചര്യം ഇന്ത്യയിലുമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കുന്ന വിവരണവും കാണാം. ഇതില്‍ ഒരു യുവതി സംസാരിക്കുന്ന ദൃശ്യത്തിനൊപ്പമാണ് വീടിനകത്ത് മരണപ്പെട്ട് കിടക്കുന്ന നാലുപേരുടെ ദൃശ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്ന മുസ്ലിം കുടുംബത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ഭാഗമായി ഇന്‍-സെറ്റ് വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഈ വീഡിയോ നിരവധി പേര്‍ ബംഗാളി അടിക്കുറിപ്പോടെ നേരത്തെ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. 2024 ജൂലൈ 28-30 തിയതികളിലായി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം തര്‍ജമ ചെയ്തതോടെ ഇത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബമാണെന്ന സൂചന ലഭിച്ചു.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളില്‍ ജൂലൈ 28ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രഹ്മന്‍ബരിയ നബിനഗറില്‍ മുസ്ലിം കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൊഹാഗ് മിയ, ഭാര്യ ജന്നത്ത് ബീഗം, മക്കളായ ഫഹിമ, തഹ്മിദ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും നബിനഗര്‍ പൊലീസ് സ്റ്റേഷന്‍ സൂപ്രണ്ട് സിറാജുല്‍ ഇസ്ലാം അറിയിച്ചതായി ബംഗ്ലാദേശി ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുപേരുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇത് പ്രചരിക്കുന്ന ദൃശ്യങ്ങളിലും വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോര്‍ട്ടും കണ്ടെത്തി. സുമോയ് ടിവി യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ ഈ സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി. മാത്രവുമല്ല, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് ആഭ്യന്തര സംഘര്‍ഷം രാജ്യത്ത് രൂക്ഷമായതെന്നിരിക്കെ അതിന് മുന്‍പുതന്നെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് അത്തരം അവകാശവാദങ്ങളുമായി ബന്ധമില്ലെന്നും സ്ഥിരീകരിക്കാനായി. മാത്രവുമല്ല, മരിച്ചത് ഒരു മുസ്ലിം കുടുംബമാണെന്നും റിപ്പോര്‍ട്ടുകളില്‍നിന്ന് സ്ഥിരീകരിക്കാം. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഒരു മുസ്ലിം കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടതാണ്. കുടുംബവഴക്ക് മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷവുമായി ബന്ധമില്ലെന്നും മതപരമായ തലങ്ങളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.