Fact Check: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിനി ചരക മഹര്‍ഷിയുടെ പ്രതിജ്ഞയോ? പ്രചാരണത്തിന്റെ വാസ്തവമറിയാം
മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ കാലങ്ങളായി പിന്തുടരുന്ന ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരം ഇനിമുതല്‍ ചരക മഹര്‍ഷിയുടെ പ്രതിജ്ഞ ഉള്‍പ്പെടുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചതായാണ് പ്രചാരണം.
By - HABEEB RAHMAN YP | Published on 25 Feb 2024 11:10 PM IST
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരം ചരക മഹര്‍ഷിയുടെ പ്രതിജ്ഞ ഉള്‍പ്പെടുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ‘MBBS വിദ്യാർഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്ന’ പ്രതിജ്ഞയ്ക്ക് പകരം ഇനി ചരക മഹര്‍ഷിയുടെ പ്രതിജ്ഞ എന്ന അവകാശവാദത്തോടെയാണ് സന്ദേശങ്ങള്‍.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞയും ചരക ശപഥവും
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ബി.സി. 4-5 നൂറ്റാണ്ടിലെ ഗ്രീക്ക് ചികിത്സകനായിരുന്ന ഹിപ്പോക്രാറ്റസിന്റെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റസ് പ്രതിജ്ഞ.
അതേസമയം എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ഭാരതീയ ചികിത്സാ രീതിയുടെ ആചാര്യനായി കണക്കാക്കുന്ന ചരക മഹര്‍ഷിയുടെ തത്വങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചരക ശപഥം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത്തരമൊരു നീക്കമുണ്ടായ സാഹചര്യത്തില്‍തന്നെ വിവാദങ്ങള്‍ക്കു പിന്നാലെ ഈ നീക്കം ഉപേക്ഷിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഇത്തരം തീരുമാനം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. എന്നാല്‍ 2022-ലെ ഏതാനും റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ദി ഹിന്ദു 2022 ഏപ്രില്‍ 2ന് നല്‍കിയ വാര്‍ത്തയില്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥം ഉള്‍പ്പെടുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് പറയുന്നത്. ഇത് 2022 ഫെബ്രുവരി 7ന് കമ്മീഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ മെഡിക്കല്‍ കോളജ് പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും തീരുമാനം അപ്പോള്‍ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പ്രസ്തുത യോഗത്തിന്റെ മിനുറ്റ്സിലും ഈ നിര്‍ദേശം ചേര്‍ത്തതായി കാണാം.
എന്നാല്‍ ഇതിന് പിന്നാലെ ഈ നിര്‍ദേശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകവും വിവിധ പ്രതിപക്ഷ കക്ഷികളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മിനുറ്റ്സില്‍ സൂചിപ്പിച്ച പ്രകാരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2022 ലെ മെഡിക്കല്‍ വിദ്യാഭ്യാസ മാര്‍ഗരേഖയില്‍ ഒരു നിര്‍ദേശമായി ചരക ശപഥം ഉള്‍പ്പെടുത്തിയിരുന്നതായി കണ്ടെത്തി.
എന്നാല്‍ 2023-ലെ പുതിയ മാര്‍ഗരേഖയില്‍നിന്ന് ഇത് ഒഴിവാക്കിയതായും കാണാം. 2023 ഓഗസ്റ്റ് 1 ന് ചേര്‍ത്ത പുതിയ മാര്‍ഗരേഖയില്‍ എവിടെയും ഇത്തരം പരാമര്‍ശം കണ്ടെത്താനായില്ല.
സംഭവത്തില്‍ ലോക്സഭയിലെ ചോദ്യോത്തരവേളയിലും ചോദ്യമുന്നയിക്കപ്പെട്ടതായി കണ്ടെത്തി. 2022 മാര്‍ച്ച് 25ന് ആന്റോ ആന്റണി, അടൂര്‍പ്രകാശ് ഉള്‍പ്പെടെ പ്രതിപക്ഷ എംപിമാര്‍ ആരോഗ്യമന്ത്രാലയത്തോട് ചോദിച്ച ചോദ്യവും ഉത്തരവും പാര്‍ലമെന്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരമായി ചരക ശപഥം ഉള്‍പ്പെടുത്താന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
ഇതിന് ശേഷം വിവിധ മെഡിക്കല്‍ കോളജുകളിലെ ബിരുദദാന ചടങ്ങുകളില്‍ ഹിപ്പോക്രാറ്റസ് പ്രതിജ്ഞ തന്നെ പിന്തുടര്‍ന്നതിനും തെളിവുകള്‍ ലഭ്യമായി. 2023 ജൂലൈയില്‍ ചെന്നൈയിലെ ESIC മെഡിക്കല്‍ കോളജിന്റെ ബിരുദദാന ചടങ്ങില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴും ഹിപ്പോക്രാറ്റസ് പ്രതിജ്ഞ പിന്തുടര്‍ന്നതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇതോടെ നിലവില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരം ചരക മഹര്‍ഷിയുടെ ശപഥം ഉള്‍പ്പെടുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചതായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2022 ല്‍ ഇത്തരമൊരു നിര്‍ദേശം കമ്മീഷന്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് അത് നടപ്പാക്കിയില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.