പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയായ പാനി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് തിരിച്ചടി നല്‍കിയെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ കനത്ത ഷെല്ലാക്രമണവും മിസൈല്‍ ആക്രമണവും നടത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ അഞ്ചുവര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. IAF Garud എന്ന ഫെയ്സ്ബുക്ക് പേജില്‍ 2020 ഏപ്രില്‍ 15 നും Indian Army എന്ന അനൗദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ 2020 മെയ് 1നും ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
ഇതോടെ ദൃശ്യങ്ങള്‍ പഴയതാണെന്നും അഞ്ചുവര്‍ഷം മുന്‍പത്തേതാണെന്നും വ്യക്തമായി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി നടത്തിയ കീവേഡ് പരിശോധനയില്‍ റിപ്പബ്ലിക് ഭാരത് എന്ന ടിവി ചാനലിന്റെ യൂട്യൂബ് പേജില്‍ ഇതേ വീഡിയോയുടെ ഫ്ലിപ് ചെയ്ത പതിപ്പടങ്ങുന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 2020 ജൂണ്‍ 14നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പൂഞ്ചിലെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതിനെത്തുടര്‍ന്നുണ്ടായ സൈനികാക്രമണത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിലാണ് റിപ്പോര്‍ട്ട്. പ്രസ്തുത കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2020 ജൂണില്‍ എന്‍ഡിടിവി ഉള്‍പ്പെടെ വിവിധ ദേശീയമാധ്യമങ്ങള്‍ സമാനമായ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് റിപ്പോര്‍ട്ടുകളില്‍ കണ്ടെത്താനായില്ല. അതിനാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യഥാര്‍ത്ഥ സാഹചര്യം സ്ഥിരീകരിക്കാനായില്ല.
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ പാനി സെക്ടറില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രില്‍ 23ന് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും സൈനികാക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പഹല്‍ഗാം ഭീകരാക്രമണവുമായോ നിലവിലെ സാഹചര്യങ്ങളുമായോ ബന്ധമില്ലെന്ന് വ്യക്തമായി.
Conclusion:
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍സൈന്യം പാക്കിസ്ഥാനെതിരെ ഷെല്ലാക്രമണം നടത്തുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്നത് അഞ്ചുവര്‍ഷത്തിലേറെ പഴയ വീഡിയോയാണ്. ഏപ്രില്‍ 23 ന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായും സൈനികാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.