സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയപതാകയുടേതെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 360 അടി ഉയരത്തില്‍ മൂന്നരക്കോടി രൂപ ചെലവിലാണ് പുതിയ പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഇതോടെ ഇന്ത്യ ലോകറെക്കോഡ് സ്വന്തമാക്കിയെന്നുമാണ് 2024 ലെ സ്വാതന്ത്ര്യദിനത്തില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നടക്കുന്ന പ്രചാരണം.
55 ടണ്‍ സ്റ്റീലുപയോഗിച്ചാണ് പതാക നിര്‍മിച്ചതെന്നും ക്രെയിന്‍ ചാര്‍ജ് മാത്രം 55 ലക്ഷം രൂപ ചെലവഴിച്ചെന്നും തുടങ്ങിയ അവകാശവാദങ്ങളും കാണാം. 120 അടി വീതിയും 80 അടി ഉയരവുമാണ് പതാകയുടെ വിസ്തീര്‍ണമമെന്നും പോസ്റ്റില്‍ പറയുന്നു.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എട്ടുവര്‍ഷം പഴയ ഈ വീഡിയോ വാഗാ അതിര്‍ത്തിയില്‍നിന്നുള്ളതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ വീഡിയോ 2016-17 കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. ഈ സൂചനയുപയോഗിച്ച് ഫില്‍റ്റര്‍ ചെയ്ത് നടത്തിയ കീവേഡ് പരിശോധനയില്‍ വീഡിയോ ഹൈദരാബാദിലേതാണെന്ന സൂചനയോടെ 2016ല്‍ ഒരു യൂട്യൂബ് ചാനലില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.
2016 ജൂലൈയില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപതാക ഹൈദരാബാദില്‍ സ്ഥാപിക്കുന്നു എന്നാണ്. മറ്റൊരു യൂട്യൂബ് ചാനലിലും 2016 ജൂണില്‍ ഇതേ വിവരങ്ങള്‍ സഹിതം സമാനമായ ദൃശ്യങ്ങള്‍ നല്‍കിയതായി കാണാം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്ത്യയിലെ ഏറ്റവും വലിയ പതാക ഹൈദരാബാദില്‍ സ്ഥാപിക്കുന്നുവെന്നാണ് ഈ വീഡിയോയുടെ അടിക്കുറിപ്പ്. ഇതോടെ പ്രചരിക്കുന്ന വീഡിയോ തെലങ്കാനയിലേതാണെന്നും 2016-ലേതാണെന്നും സൂചന ലഭിച്ചു.
ഈ സൂചനകളും തിയതിയും ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ആധികാരിക മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി. NDTV നല്‍കിയ വീഡിയോ റിപ്പോര്‍ട്ടില്‍ ഇതേ പശ്ചാത്തലം കാണാം. തെലങ്കാനയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് പതാക സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് News 18 ഓണ്‍ലൈനിലും ലഭ്യമാണ്. ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം സഞ്ജീവയ്യ പാര്‍ക്കിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. 108 അടി വീതിയും 72 അടി ഉയരവുമാണ് പതാകയ്ക്കെന്നും ഏറ്റവും വലിയ രണ്ടാമത്തെ പതാകയാണിതെന്നും 2016 ജൂണ്‍ 2ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2016 ജൂണില്‍ തെലങ്കാനയില്‍ സ്ഥാപിച്ച ദേശീയപതാകയുടേതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് വാഗ അതിര്‍ത്തിയിലെ പതാകയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതോടെ 2017ലാണ് ഇത് സ്ഥാപിച്ചതെന്ന് കണ്ടെത്തി. 2017 മാര്‍ച്ച് അഞ്ചിനാണ് വാഗ അതിര്‍ത്തിയില്‍ ഇന്ത്യ പതാക സ്ഥാപിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ റിപ്പോര്‍ട്ടിലെ ചിത്രവും പ്രചരിക്കുന്ന വീഡിയോയിലെ പശ്ചാത്തലവും ഏറെ വ്യത്യസ്തമാണെന്ന് കാണാം. അതേസമയം പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്ന പതാകയുടെ വിസ്തീര്‍ണം, ചെലവഴിച്ച തുക, ഭാരം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമാണ്. ANI യും ഇത് സംബന്ധിച്ച് വിശദമായ വീഡിയോ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതായി കാണാം.
70-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പതാക ഉയര്‍ത്തിയതെന്നാണ് ANI പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വീഡിയോയിലേതല്ലെന്നും വ്യക്തം. ലോകത്തിലെ ഏറ്റവും വലിയ പതാക ഇതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Conclusion:
ഇന്ത്യ-പാക്കിസ്ഥാന്‍ വാഗ അതിര്‍ത്തിയില്‍ രാജ്യം സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയപതാകയെന്ന വിവരണത്തോടെ പങ്കുവെയ്ക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ വാഗ അതിര്‍ത്തിയിലേതല്ലെന്നും ഹൈദരാബാദിലേതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. തെലങ്കാന സ്ഥാപകദിനത്തോടനുബന്ധിച്ച് 2016ലാണ് ഈ പതാക സ്ഥാപിച്ചത്. എന്നാല്‍ വാഗ അതിര്‍ത്തിയില്‍ പതാക സ്ഥാപിച്ചത് 2017ലാണ്.