ഇന്ത്യ-പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പത്ത് സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് പ്രചാരണം. ഇരുരാജ്യങ്ങളുടെയും ജഴ്സിയണിഞ്ഞ രണ്ട് താരങ്ങള്‍ ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.
Fact-check:
ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും വീഡിയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതോടെ ജഴ്സിയിലെ ചില അക്ഷരത്തെറ്റുകളും സാങ്കേതിക പിഴവുകളും ശ്രദ്ധയില്‍പെട്ടു. പാക്കിസ്ഥാന്‍ ജഴ്സിയില്‍ പാക്കിസ്ഥാന്‍ എന്നെഴുതിയതില്‍ അക്ഷരത്തെറ്റുണ്ട്. ഇന്ത്യന്‍ ജഴ്സിയില്‍ ബൈജൂസ് പരസ്യത്തിലും പിശക് കാണാം. പാക്കിസ്ഥാന്‍ താരം താഴെ വീഴുന്ന സമയത്ത് കാലിനടുത്ത് പച്ച നിറത്തിലുള്ള ഒരു ഹെല്‍മറ്റ് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതോടെ ദൃശ്യം എഐ നിര്‍മിതമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് വീഡിയോയിലെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് ചില എഐ ഡിറ്റക്ഷന്‍ ടൂളുകളില്‍ പരിശോധിച്ചു. സൈറ്റ് എന്‍ജിനില്‍ നടത്തിയ പരിശോധനയില്‍ 94% എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്.
ട്രൂത്ത് സ്കാന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോമില്‍ നടത്തിയ പരിശോധനയിലും ദൃശ്യത്തിലെ പല ഭാഗങ്ങളും എഐ നിര്‍മിതമാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് വീഡിയോ പൂര്‍ണമായി പരിശോധിച്ചു. ഇതിലും വീഡിയോയുടെ മിക്ക ഭാഗങ്ങളും എഐ നിര്‍മിതമാണെന്ന് കണ്ടെത്തി.
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
ഇന്ത്യ - പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ എഐ നിര്‍മിതമാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.