പോസ്റ്റ് ഓഫീസുകളിലൂടെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വെറും 2% പലിശനിരക്കില്‍ വായ്പ ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം. ഇത്തരത്തില്‍ വാര്‍ത്താ കാര്‍ഡുകളുടെ രൂപത്തില്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 2% പലിശനിരക്കില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി വായ്പ നല്‍കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തില്‍ അധികം വിശദാംശങ്ങളില്ലാത്തതിനാല്‍ പ്രദേശത്തെ പോസ്റ്റ് ഓഫീസുമായാണ് ആദ്യം ബന്ധപ്പെട്ടത്. പ്രചാരണം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും ഇത് നേരത്തെയും പ്രചരിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ബാങ്കുകള്‍ നല്‍കുന്നപോലെ പോസ്റ്റ് ഓഫീസുകള്‍ വായ്പ നല്‍കുന്നില്ലെന്നും ചില നിക്ഷേപങ്ങള്‍ക്ക് മാത്രമാണിത് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. മാത്രവുമല്ല പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന നിരക്കില്‍ വായ്പ നല്‍കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. റിക്കറിങ് ഡെപ്പോസിറ്റ് ഉപയോക്താക്കള്‍ക്ക് അതിന്റെ പലിശനിരക്കിനൊപ്പം 2% പലിശ ചേര്‍ത്താണ് വായ്പ നല്‍കുന്നത്. ഇത് തെറ്റിദ്ധരിച്ചാവാം നിലവിലെ പ്രചാരണമെന്നും അവര്‍ അറിയിച്ചു.
ഈ സൂചന പ്രകാരം ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതോടെ വിവിധ പദ്ധതികളെക്കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമായി. വിശദമായ പരിശോധനയില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി നേരിട്ട് വായ്പ നല്‍കുന്നില്ലെന്നും ചില ബാങ്കുകളുമായി പങ്കാളിത്തത്തോടെ വായ്പകള്‍ നല്‍കുന്നുണ്ടെന്നും കണ്ടെത്തി. ഇതുസംബന്ധിച്ച വിശദാംശങ്ങളില്‍ പലിശനിരക്കടക്കം വിവരങ്ങള്‍ കാണാം.
പ്രചരിക്കുന്ന സന്ദേശത്തില്‍ പറഞ്ഞ പലിശനിരക്കുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് റിക്കറിങ് നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു. പോസ്റ്റ് ഓഫീസ് അധികൃതര്‍ വിശദീകരിച്ചപോലെ നിക്ഷേപത്തിന് ബാധകമായ പലിശനിരക്കിനൊപ്പം 2% അധിക പലിശയ്ക്കാണ് വായ്പ നല്‍കുക. ഇതിന് നിക്ഷേപകാലയളവടക്കം നിരവധി നിബന്ധനകളും നല്‍കിയതായി കാണാം. മാത്രവുമല്ല, ആകെ നിക്ഷേപത്തിന്റെ 50 ശതമാനം മാത്രമാണ് വായ്പയായി നല്‍കുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് മറ്റേതെങ്കിലും നിക്ഷേപ പദ്ധതികളില്‍ പ്രചാരണത്തിനനുസൃതമായ വായ്പാ നിരക്കുകളുണ്ടോ എന്നും പരിശോധിച്ചു. ഇതോടെ റിക്കറിങ് നിക്ഷേപത്തിന് സമാനമായി ചില നിബന്ധനകളോടെ പ്രൊവിഡന്റ് ഫണ്ടിലും വായ്പ അനുവദിക്കുന്നതായി കണ്ടെത്തി. എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന പലിശനിരക്കുമായി ഇതിന് വലിയ വ്യത്യാസമുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 2% പലിശനിരക്കില്‍ പോസ്റ്റ് ഓഫീസുകളില്‍ വായ്പ നല്‍കുന്നില്ലെന്നും സ്ഥിരീകരിച്ചു.
Conclusion:
ഇന്ത്യന്‍ തപാല്‍ വകുപ്പ് പോസ്റ്റ് ഓഫീസുകള്‍ വഴി 2% പലിശനിരക്കില്‍ വായ്പ നല്‍കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും കണ്ടെത്തി. റിക്കറിങ് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട് എന്നിവയിലൂടെയാണ് നിബന്ധനകള്‍ക്ക് വിധേയമായി ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത്.