ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നേരത്തെ തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു ലോറി പൊട്ടിത്തെറിക്കുന്നതിന്റെയും നിരവധി പേര്‍ രക്ഷപ്പെട്ടോടുന്നതുമാണ് ദൃശ്യങ്ങളില്‍. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ മറുപടി വൈകുന്നത് എന്തുകൊണ്ടാണെന്ന ചിലരുടെ ചോദ്യത്തിന് മറുപടിയാണ് ദൃശ്യങ്ങളെന്നും ഇന്ത്യന്‍ സൈന്യം നേരത്തെ തന്നെ തിരിച്ചടി തുടങ്ങിയെന്നും ധ്വനിയോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിനൊപ്പം ‘പാക്കിസ്ഥാന്‍’ ഉള്‍പ്പെടെ കീവേഡുകളും ചേര്‍ത്ത് നടത്തിയ പരിശോധനയില്‍ IBC24 എന്ന വാര്‍ത്താചാനിലിന്റെ വെരിഫൈഡ് യൂട്യൂബ് ചാനലില്‍ ഈ വീഡിയോ ഒരു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി.
ബലൂചിസ്ഥാന്‍ ടാങ്കര്‍ പൊട്ടിത്തെറി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത് 2025 ഏപ്രില്‍ 29നാണ്. ഇതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍സൈന്യം തിരിച്ചടി നല്‍കുന്നതിന് മുന്‍പുതന്നെ വീഡിയോ ലഭ്യമായിരുന്നുവെന്ന് വ്യക്തമായി.
ലഭിച്ച സൂചകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങളിലെ ചില സ്ക്രീന്‍ഷോട്ടുകളടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. അറബ് ന്യൂസ് ഏപ്രില്‍ 28ന് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ നുഷ്കി മേഖലയിലാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കുന്നു. തീ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്നായിരുന്നു പൊട്ടിത്തെറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഡോണ്‍ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വാതകച്ചോര്‍ച്ച ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഡ്രൈവര്‍ വാഹനം തുറസ്സായ സ്ഥലത്തേക്ക് മാറ്റിയെന്നും ഉടനെയുണ്ടായ പൊട്ടിത്തെറിയില്‍ ഡ്രൈവര്‍ മരണപ്പെട്ടുവെന്നും പറയുന്നു. 40 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ആജ് ടിവിയുടെ വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കാണാം. ഇന്ധന ടാങ്കറിന് തീപിടിച്ചതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടുകളിലെല്ലാം പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വീഡിയോയുടെ ഭാഗങ്ങള്‍ ചിത്രങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രിബ്യൂണ്‍ വാര്‍ത്താ വെബ്സൈറ്റിലും സമാനമായ റിപ്പോര്‍ട്ട് 2025 ഏപ്രില്‍ 28ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വസ്തുതവിരുദ്ധമാണ്. 2025 ഏപ്രില്‍ 28ന് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ നുഷികില്‍ ഇന്ധന ടാങ്കര്‍ വാഹനം തീപിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യം തുടക്കമിട്ടത് 2025 മെയ് 7 ന് പുലര്‍ച്ചെയാണ്.