പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സൈന്യം നാല് ഭീകരരെ വധിക്കുന്ന ദൃശ്യമെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പോയിന്റ് ബ്ലാങ്കില്‍ ഒരു സൈനികന്‍ നാലുപേരെ വെടിവെച്ചിടുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ വര്‍ഷങ്ങളോളം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദൃശ്യങ്ങള്‍ പഴയതാണെന്ന സൂചന ലഭിച്ചു. bestgore.fun എന്ന വെബ്സൈറ്റില്‍ 2022 ഓഗസ്റ്റ് 16ന് ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
കശ്മീരി ഭീകരരെ വധിക്കുന്ന ഇന്ത്യന്‍ സൈനികന്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതെങ്കിലും ഇതിന് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2020 ല്‍ തന്നെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തി.
Indian Military Images എന്ന ഫെയ്സ്ബുക്ക് പേജില്‍ 2020 ഡിസംബര്‍ 18ന് പങ്കുവെച്ച വീഡിയോയില്‍ ഈ ദൃശ്യങ്ങളും കാണാം.
വീഡിയോയില്‍ KOSTANIKOV എന്ന വാട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഈ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ ലിങ്കുകളും കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത പേജില്‍ ഇത്തരം നിരവധി വീഡിയോകള്‍ പങ്കുവെച്ചതായും കണ്ടെത്തി. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ ആദ്യം പങ്കുവെച്ചത് ആരെന്നോ യഥാര്‍ഥ സംഭവമാണോ എന്നതടക്കം വീഡിയോയുടെ വിവരങ്ങള്‍ ലഭ്യമായില്ല.
ഇതോടെ ദൃശ്യങ്ങള്‍ക്ക് 5 വര്‍ഷത്തോളമെങ്കിലും പഴക്കമുണ്ടെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള സൈനിക തിരിച്ചടിയെന്ന അവകാശവാദം വസ്തുതാ വിരുദ്ധമാണെന്നും വ്യക്തമായി. അതേസമയം ബാരാമുള്ള ഉള്‍പ്പെടെ പ്രദേശങ്ങളില്‍ സൈന്യം ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Conclusion:
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിക്കുന്ന ഇന്ത്യന്‍ സൈനികന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ അഞ്ചുവര്‍ഷത്തോളം പഴയതാണെന്നും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.