ഇന്ത്യന്‍ സൈന്യത്തില്‍ അഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുവെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറയുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. 2028-ഓടെ സേനയില്‍നിന്ന് 50 ശതമാനത്തിലധികം അഹിന്ദുക്കളെ മാറ്റിനിര്‍ത്തുമെന്നും ഇക്കാര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. ANI വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കി പ്രതികരണത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങള്‍ എഐ നിര്‍മിത ഡീപ്ഫേക്ക് വീഡിയോ ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പെട്ടു. എഎന്‍ഐ ചാനലിന്റെ മൈക്രോഫോണിലെ അപാകതയും മറ്റും ഇത് എഐ ഉപയോഗിച്ച് മാറ്റംവരുത്തിയ ദൃശ്യങ്ങളാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ സമാന വീഡിയോ ANI എക്സ് അക്കൗണ്ടില്‍ 2025 നവംബര്‍ 1ന് പങ്കിട്ടതായി കണ്ടെത്തി.
കരസേനാ മേധാവി മധ്യപ്രദേശിലെ രേവയില്‍ ടിആര്‍എസ് കോളജ് സന്ദര്‍ശിച്ചതിനെക്കുറിച്ചാണ് ANI യോട് പ്രതികരിച്ചത്. കോളജിലെ വിദ്യാര്‍ത്ഥികളുമായി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിച്ചതും അദ്ദേഹം പ്രതികരണത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങളൊന്നും ഇതില്‍ കണ്ടെത്താനായില്ല. അദ്ദേഹത്തിന്റ പ്രതികരണം ഹിന്ദിയിലാണെന്നും ശബ്ദത്തിന് പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദവുമായി വ്യത്യാസമുണ്ടെന്നും കാണാം.
തുടര്‍ന്ന് വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോയില്‍ ഉപയോഗിച്ച ഓഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്തി.
ഇതോടെ പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും വ്യക്തമായി.
Conclusion:
ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് അഹിന്ദുക്കളെ മാറ്റിനിര്‍ത്തുന്നുവെന്ന തരത്തില്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നടത്തിയ പ്രതികരണമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്. അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ മറ്റൊരു പ്രതികരണത്തില്‍ വ്യാജ ഓഡിയോ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.