ട്രെയിന്‍ കമ്പാര്‍ട്ട്മെന്റില്‍ കാണുന്ന ‘അദാനി’ എന്തെന്നറിയാം
ട്രെയിനില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കു പകരം ‘അദാനി’ എന്ന് എഴുതിച്ചേര്‍ത്തുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 1 Aug 2023 9:03 PM ISTഇന്ത്യന്‍ റെയില്‍വേ സ്വകാര്യ കമ്പനിയായ ‘അദാനി’ ഗ്രൂപ്പിന് കൈമാറിയെന്ന സൂചന നല്കുന്ന തരത്തില്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പകരം അദാനി എന്നാക്കി മാറ്റിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
Shankar Madalangi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന റീലില്‍ ഒരു ചരക്കുതീവണ്ടി റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടതായി കാണാം. ബോഗികളില്‍ അദാനി എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുമുണ്ട്.
Fact-check:
ചിത്രത്തില്‍ കാണുന്നത് യാത്രാ ട്രെയിനല്ലെന്നും ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ട്രെയിനാണെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണ്. മാത്രവുമല്ല, സാധാരണ കാണുന്ന ചരക്ക് ട്രെയിനുകളില്‍നിന്ന് വ്യത്യസ്തമായ ഡിസൈനാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോയിലെ കീ ഫ്രെയിമുകളുപയോഗിച്ച് റിവേഴ്സ് ഇമേജ് പരിശോധന നടത്തി. ഇതോടെ 2020 ജനുവരി 8ന് യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു.
Pankaj Mishra എന്ന യൂട്യൂബ് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയുടെ തലക്കെട്ടായി നല്കിയിരിക്കുന്നത് അദാനി അഗ്രോ ഫ്രെയ്റ്റ് എന്നാണ്. കൂടാതെ വിവരണത്തില്‍ ഗുജറാത്തിലെ ഛായപുരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്‍റെ കാര്‍ഷിക ചരക്കുട്രെയിന്‍ ആണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതില്‍നിന്ന് ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ഇന്ത്യന്‍ റെയില്‍വേ ചരക്കുനീക്കത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് കമ്പാര്‍ട്ടുമെന്‍റുകള്‍ രൂപകല്പന ചെയ്ത് ഓടിക്കാന്‍ അനുമതി നല്കിയതായി വാര്‍ത്തകള്‍ ലഭിച്ചു.
2017 ല്‍ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയില്‍വേ ഇതിന് തയ്യാറെടുക്കുന്നതായി കാണാം. സിമന്‍റ്, സ്റ്റീല്‍, ഓട്ടോമൊബൈല്‍സ്, ലോജിസ്റ്റിക്സ്, തുടങ്ങി വിവിധ മേഖലകളിലെ കമ്പനികള്‍ക്ക് അവരുടെ സ്വകാര്യ ടെര്‍മിനലുകള്‍ വഴി സ്വന്തം ട്രെയിനുകള്‍ ചരക്കുനീക്കത്തിനായി ഉപയോഗിക്കാനാവും എന്നതാണ് വാര്‍ത്ത.
ഡെക്കാന്‍ ഹെരാള്‍ഡ് 2020ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും സമാനമായ വാര്‍ത്ത കാണാം. സ്വകാര്യ ചരക്കുട്രെയിനുകള്‍ പ്രോത്സാഹിപ്പിക്കുന്നതും വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനല്ലെന്നും, സ്വകാര്യ കമ്പനിയുടെ ചരക്കു ട്രെയിനാണെന്നും വ്യക്തമായി. സ്ഥിരീകരണത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റും പരിശോധിച്ചു.
2018 ല്‍ അപ്ഡേറ്റ് ചെയ്ത പട്ടിക പ്രകാരം ചരക്കുനീക്കത്തിന് അനുമതി നല്‍കിയ സ്വകാര്യ കമ്പനികളില്‍ സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴില്‍ പ്രൈവറ്റ് കണ്ടെയ്നര്‍ ഗതാഗതത്തിന് അനുമതി ലഭിച്ച വിഭാഗത്തില്‍ അദാലി ലോജിസ്റ്റിക്സ് ഒന്നാമതായി തന്നെ കാണാം.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് അദാനി ലോജിസ്റ്റിക്സ് സ്വന്തമായി ചരക്കുനീക്കത്തിനായി പ്രവര്‍ത്തിപ്പിക്കുന്ന കണ്ടെയ്നര്‍ ആണെന്ന് വ്യക്തമായി.
യാത്രാ ട്രെയിനുകളില്‍ ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിച്ചു. 2022 ജൂണില്‍ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തെ ആദ്യ സ്വകാര്യ യാത്രാ ട്രെയിനിനെക്കുറിച്ചുള്ള വാര്‍ത്ത കാണാം.
രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷത്തേക്ക് ലീസ് വ്യവസ്ഥയിലാണ് കോയമ്പത്തൂര്‍ - ഷിര്‍ദി റൂട്ടില്‍ സ്വകാര്യ ട്രെയില്‍ സര്‍വീസ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
Conclusion:
ഇന്ത്യന്‍ റെയില്‍വേയുടെ പേര് മാറ്റി അദാനി എന്ന് എഴുതിച്ചേര്‍ത്തുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ചരക്കുനീക്കത്തിനായി സ്വന്തം കണ്ടെയ്നറുകള്‍ ഉപയോഗിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അനുമതിപ്രകാരം അദാനി ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ ചരക്കുട്രെയിനാണ് ദൃശ്യങ്ങളിലുള്ളതെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി.