അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരെയടക്കം പല രാജ്യങ്ങളിലെയും അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരുന്ന ചിത്രമെന്ന തരത്തില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ച ഏതാനും പേരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലെ നയതന്ത്രബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നടപടി കേന്ദ്രസര്‍ക്കാറിന് നാണക്കേടാണെന്ന തരത്തിലാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിലുള്ളത് ഇന്ത്യക്കാരല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ദി സ്പെക് എന്ന വാര്‍ത്താ വെബ്സൈറ്റില്‍ 2025 ജനുവരി 31ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇത് ഗ്വാട്ടിമാലെയില്‍നിന്നെത്തിയ കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് നാടുകടത്തിയതിന്റെ ചിത്രമാണ്. 2025 ജനുവരി 30 നാണ് ഇവരെ നാടുകടത്തിയത്.
ചിത്രത്തിന് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് അസോഷ്യേറ്റ് പ്രസിനാണ്. AP-യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതോടെ വിശദമായ റിപ്പോര്‍ട്ട് സഹിതം ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ടെക്സസില്‍നിന്ന് 80 പേരെയാണ് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയത്. ടെക്സസിലെ എൽ പാസോയിലെ സൈനിക വിമാനത്താവളമായ ഫോർട്ട് ബ്ലിസിൽ നിന്നാണ് വിമാനം പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ഈ ചിത്രത്തിന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുമായി ബന്ധമില്ലെന്ന് വ്യക്തമായി. 2025 ഫെബ്രുവരി 3-നാണ് സി-17 യുദ്ധവിമാനത്തില്‍ ഇന്ത്യക്കാരെ യുഎസില്‍നിന്ന് തിരിച്ചയച്ചത്. റോയിറ്റേഴ്സ് ഉള്‍പ്പെടെ അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. 104 ഇന്ത്യക്കാരുമായി വന്ന വിമാനം ഫെബ്രുവരി 5-ന് ഉച്ചയ്ക്ക് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങിയതായും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് ദേശീയ - പ്രാദേശിക മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധമില്ലെന്ന് വ്യക്തമായി. അതേസമയം നാടുകടത്തിയ ഇന്ത്യക്കാരുടെ കൈകാലുകളില്‍ വിലങ്ങണിയിച്ചിരുന്നോ എന്നത് വ്യക്തമല്ല. സി-19 വിമാനം ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
പ്രചരിക്കുന്ന ചിത്രം ഇന്ത്യക്കാരുടേതല്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ വസ്തുത പരിശോധനാവിഭാഗമായ PIB ഫാക്ട് ചെക്കും സ്ഥിരീകരി്ക്കുന്നു.
Conclusion:
അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ കൈകാലുകളില്‍ വിലങ്ങണിയിച്ച് നാടുകടത്തിയതിന്റെ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് ഇന്ത്യക്കാരുടെ ചിത്രമല്ല. 2025 ജനുവരി 30-ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടെ ചിത്രമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.