Fact Check: ഇന്‍ഡിഗോ പ്രതിസന്ധിയ്ക്കിടെ റണ്‍വേയ്ക്കരികെ കുടുങ്ങിയ യാത്രക്കാര്‍? ചിത്രത്തിന്റെ സത്യമറിയാം

ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും രാജ്യത്തെ വ്യോമയാനമേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്‍ഡിഗോ വിമാനത്തിനരികെ റണ്‍വേയിയ്ക്ക് സമീപം ലഗേജുകളുമായി ഇരിക്കുന്ന യാത്രക്കാരുടെ ചിത്രം സമൂഹാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 7 Dec 2025 11:46 PM IST

Fact Check: ഇന്‍ഡിഗോ പ്രതിസന്ധിയ്ക്കിടെ റണ്‍വേയ്ക്കരികെ കുടുങ്ങിയ യാത്രക്കാര്‍? ചിത്രത്തിന്റെ സത്യമറിയാം
Claim:ഇന്‍ഡിഗോ വിമാന പ്രതിസന്ധിയ്ക്കിടെ ലഗേജുകളുമായി യാത്രക്കാര്‍ റണ്‍വേയ്ക്ക് സമീപം കുടുങ്ങിക്കിടക്കുന്നു
Fact:പ്രചരിക്കുന്ന ചിത്രം 2018 ലേതാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമം കര്‍ശനമായി നടപ്പാക്കിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോയ്ക്ക് നിരവധി സര്‍വീസുകളാണ് റദ്ദാക്കേണ്ടിവന്നത്. ഒരുദിവസം അഞ്ഞൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതോടെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി. പിന്നാലെ പ്രശ്നത്തില്‍ ഇടപെട്ട വ്യോമയാന മന്ത്രാലയം ചില ഇളവുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. ഇതിനിടെയാണ് ഇന്‍ഡിഗോ വിമാനത്തിന് സമീപം റണ്‍വേയില്‍ ലഗേജുകളുമായി ഇരിക്കുന്ന യാത്രക്കാരുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം. റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടതിനെ വിമര്‍ശിച്ച് വിമാനത്താവളങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളുടെ നിലയിലെത്തിയെന്ന അടിക്കുറിപ്പോടെയാണ് വിമര്‍ശനം.





Fact-check:


പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം ഏഴുവര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.


പ്രചരിക്കുന്ന ചിത്രത്തില്‍ യാത്രക്കാര്‍ ഇരിക്കുന്നത് റണ്‍വേയ്ക്ക് സമീപം വിമാനത്തിനടുത്തായാണ്. ബോര്‍ഡിങ് പ്രക്രിയ കഴിഞ്ഞ ശേഷം മാത്രമാണ് യാത്രക്കാര്‍ക്ക് വിമാനത്തിനടുത്തേക്ക് എത്താനാവുക. യാത്രക്കാരുടെ കൈയ്യില്‍ കാണുന്നത് കാബിന്‍ ലഗേജ് മാത്രമാണ്. ഇതിനര്‍ത്ഥം ബാഗേജ് ലോഡിങ് കഴിഞ്ഞ് ബോര്‍ഡിങ് പ്രക്രിയയും പൂര്‍ത്തിയാക്കിയ ശേഷമുള്ളതാണ് ഈ ചിത്രമെന്നാണ്. അതായത് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരല്ല ഇതെന്ന് വ്യക്തം. അതേസമയം കഴി‍ഞ്ഞ ദിവസങ്ങളിലെ ഇന്‍ഡിഗോയുടെ പ്രതിസന്ധി നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായിരുന്നു. ഇതോടെ ചിത്രം നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ടതാകില്ലെന്ന സൂചന ലഭിച്ചു.

തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനിയില്‍ ഈ ചിത്രം 2018 ല്‍ ഏതാനും മാധ്യമ റിപ്പോര്‍‌ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. ജെറ്റ്ലൈന്‍ എന്ന വെബ്സൈറ്റില്‍ 2018 മെയ് 14 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡിഗോ 6E 2977 വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് വൈകിയത്. യാത്രക്കാര്‍ ഏഴു മണിക്കൂറോളം വിമാനത്തിന് സമീപം കാത്തിരിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്..




തമിഴ് ഓണ്‍ലൈന്‍ മാധ്യമമായ തുപ്പാക്കിയുടെ ഇംഗ്ലീഷ് പതിപ്പിലും ഇതേ ചിത്രമടക്കം വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.




ബിഹൈന്‍ഡ് വു‍ഡ്സ് ഉള്‍പ്പെടെ നിരവിധി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 2018 മെയ് 14 ന് ഈ ചിത്രമടക്കം വാര്‍ത്ത നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നടത്തിയ പരിശോധനയില്‍ ടൈംസ് ഓഫ് ഇന്ത്യ 2018 മെയ് 15ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.





രാത്രി 10.40 ന് ഡല്‍ഹിയില്‍നിന്ന് ബംഗലൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജീവനക്കാരില്ലാത്തതിനാല്‍ ഏഴുമണിക്കൂറിലേറെ വൈകിയെന്നും ഷട്ടില്‍ബസ്സിലും വിമാനത്തിനകത്തും റണ്‍വേയിലുമായാണ് ആളുകള്‍ കാത്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ പ്രചാരണത്തിന് നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്ന് വ്യക്തമായി.


Conclusion:


ഇന്‍ഡിഗോയുടെ നിലവിലെ പ്രതിസന്ധിയുടെ ഭാഗമായി യാത്രക്കാര്‍ റണ്‍വേയില്‍ കുടുങ്ങിയ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് 2018 ലെ ചിത്രമാണ്. ഡല്‍ഹി-ബംഗലൂരു വിമാനത്തില്‍ ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്ന് ഏഴുമണിക്കൂറിലേറെ വൈകിയ സാഹചര്യത്തില്‍ യാത്രക്കാര്‍ വിമാനത്തിന് സമീപം റണ്‍വേയില്‍ കാത്തിരിക്കുന്ന ഈ ചിത്രത്തിന് നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ല.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന ചിത്രം 2018 ലേതാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു
Next Story