തൂക്കുപാല ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് റോഡരികില്‍ ചികിത്സ: 'ഗുജറാത്ത് മോഡല്‍' ചിത്രത്തിന്‍റെ വസ്തുതയറിയാം

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാല ദുരന്തത്തില്‍ പരിക്കേറ്റവരെ റോഡരികില്‍ ചികിത്സിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

By -  HABEEB RAHMAN YP |  Published on  3 Nov 2022 8:50 PM IST
തൂക്കുപാല ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് റോഡരികില്‍ ചികിത്സ: ഗുജറാത്ത് മോഡല്‍ ചിത്രത്തിന്‍റെ വസ്തുതയറിയാം


'ഗുജറാത്ത് മോഡല്‍' എന്ന അടിക്കുറിപ്പോടെ റോഡരികില്‍ ആളുകളെ ചികിത്സിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ ഒക്ടോബര്‍ 31 ഞായറാഴ്ചയുണ്ടായ തൂക്കുപാല അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തത്തില്‍ പരിക്കേറ്റവരെ റോഡരികില്‍ ചികിത്സിക്കുന്നു എന്ന രീതിയിലാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. Shamnad Razack എന്ന പ്രൊഫൈലില്‍നിന്ന് പിണറായി വിജയന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം:


ഇത് കൂടാതെ വിവിധ വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നും ഇതേ ചിത്രം സമാന അടിക്കുറിപ്പുകളോടെ പങ്കുവെച്ചിട്ടുണ്ട്.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് പരിശോധന നടത്തി. ആദ്യഫലത്തില്‍ ഇതേചിത്രം 2021 ഒക്ടോബര്‍ ആറിന് ജാഗരണ്‍ എന്ന ഹിന്ദി വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ചിത്രം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍നിന്നുള്ളതാണെന്ന് വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കാം.


വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമാണ്:

ആയുര്‍വേദത്തില്‍ ബിരുദധാരിയായ ഡോക്ടര്‍ അശ്വിനി ഗുപ്ത അദ്ദേഹത്തിന്‍റെ ക്ലിനിക്കിന്‍റെ മറവില്‍ ഫിറോസാബാദിലെ കത്ഫോരിയില്‍ പേരില്ലാത്ത ആശുപത്രി നടത്തുകയും ഡെങ്കി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ക്ക് അലോപ്പതി രീതിയില്‍ അനധികൃത ചികിത്സ നല്‍കുകയും ചെയ്തു. ആശുപത്രിയിലെ 20 കിടക്കകള്‍ നിറഞ്ഞതോടെ ആശുപത്രിയ്ക്ക് മുന്നിലെ ഫ്ലൈഓവറിന്‍റെ ഫൂട്പാത്തില്‍ രോഗികളെ ചികിത്സിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ആശുപത്രി സീല്‍‌ ചെയ്യുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആയുര്‍വേദ ഡോക്ടര്‍ക്ക് അലോപ്പതി ചികിത്സ നടത്താനാവില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. വിശദീകരണം ലഭിച്ചതിന് ശേഷം ക്ലിനിക്കിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കും.

മീഡിയ വിജില്‍ എന്ന പ്രാദേശിക ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിലും ഒക്ടോബര്‍ 5ന് ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം. പേജിന്‍റെ ഇംഗ്ലീഷ് തര്‍ജമ ചെയ്ത ചിത്രം:


സംഭവത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളും ഈ വെബ്സൈറ്റില്‍നിന്ന് ലഭിച്ചു.




ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് 2022 ഒക്ടോബര്‍ 31ന് നടന്ന മോര്‍ബി തൂക്കുപാല അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.


Conclusion:

മോര്‍‍ബി തൂക്കുപാല ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് റോ‍ഡരികില്‍ ചികിത്സ നല്‍കിയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം 2021 ലേതാണെന്നും ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ചിത്രത്തിന് 2022 ഒക്ടോബര്‍ 31ന് നടന്ന മോര്‍ബി തൂക്കുപാല അപകടവുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി.



Claim Review:Injured in Morbi bridge collapse were treated on roadside footpath
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story