Fact Check: സിബില്‍ സ്കോര്‍ പോലുമില്ലാതെ മുദ്ര ലോണ്‍? പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം

സിബില്‍ സ്കോര്‍ പോലും പരിഗണിക്കാതെ തത്സമയ വായ്പ ലഭ്യമാക്കുന്നുവെന്ന അവകാശവാദത്തോടെ കേന്ദ്രസര്‍ക്കാറിന്റെ മുദ്ര ലോണ്‍ പദ്ധതിയുടേതെന്ന തരത്തിലാണ് ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 3 March 2025 3:42 PM IST

Fact Check: സിബില്‍ സ്കോര്‍ പോലുമില്ലാതെ മുദ്ര ലോണ്‍? പ്രചരിക്കുന്ന ലിങ്കിന്റെ വാസ്തവം
Claim:മുദ്ര യോജന പ്രകാരം സിബില്‍ സ്കോര്‍ പോലുമില്ലാതെ വായ്പ തല്‍സമയം
Fact:പ്രചാരണം അടിസ്ഥാനരഹിതം. മുദ്രലോണ്‍ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിങ്കാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കേന്ദ്രസര്‍ക്കാറിന്റെ മുദ്ര പദ്ധതിയിലൂടെ തത്സമയ വായ്പയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വായ്പ മണിക്കൂറുകള്‍ക്കകം ലഭ്യമാകുമെന്നും ഇതിന് സിബില്‍ സ്കോര്‍ പോലും ആവശ്യമില്ലെന്നുമാണ് പ്രചാരണം. തല്‍ക്ഷണ വായ്പ എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രേഖകള്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ പണം ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്ന വ്യാജ ലിങ്കാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ലിങ്കും സന്ദേശവും പങ്കുവെച്ചിരിക്കുന്ന ഫെയ്സ്ബുക്ക് പേജാണ് ആദ്യം പരിശോധിച്ചത്. 2025 ജനുവരിയില്‍ മാത്രമാണ് ഈ പേജ് തുടങ്ങിയിരിക്കുന്നത്. പേജിന്റെ പേര് തല്‍ക്ഷണ വായ്പ എന്നായതിനാലും വെരിഫൈഡ് പേജ് അല്ലാത്തതിനാലും ഉള്ളടക്കം പരിശോധിച്ചതോടെ പേജ് ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമല്ലെന്ന് വ്യക്തമായി.




തുടര്‍ന്ന് പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര ലോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ലോഗോ അടക്കം ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഒരു വെബ്സൈറ്റിലേക്കാണ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രവേശിക്കുന്നത്. https://keralamudraloan.in എന്ന വെബ്സൈറ്റ് വിലാസം ഏതെങ്കിലും ഗവണ്മെന്റ് സംവിധാനങ്ങളുടേതല്ലെന്ന് ഡൊമൈന്‍ പരിശോധിച്ചതോടെ വ്യക്തമായി.

തുടര്‍ന്ന് ഈ പേജില്‍ നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പര്‍ വഴി ബന്ധപ്പെട്ടു. രേഖകള്‍ വാട്സാപ്പില്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശമാണ് മറുപടിയായി ലഭിച്ചത്. ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ രേഖകള്‍ ആവശ്യപ്പെടില്ലെന്ന യുക്തിസഹചിന്തയിലൂടെ തന്നെ സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കാനായി.



നല്‍കിയിരിക്കുന്ന നമ്പര്‍ ഒരു ഔദ്യോഗിക നമ്പറല്ലെന്നും ബിസിനസ് അക്കൗണ്ടെന്ന തരത്തില്‍ തയ്യാറാക്കിയിരിക്കുന്ന വാട്സാപ്പ് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിലാസമുള്‍പ്പെടെ വ്യാജമാണെന്നും കണ്ടെത്തി. ഇതോടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണിതെന്ന് വ്യക്തമായി.

തുടര്‍ന്ന് മുദ്ര ലോണ്‍ പദ്ധതിയുടെ വെബ്സൈറ്റ് പരിശോധിച്ചു. പദ്ധതി വ്യക്തികള്‍ക്ക് നേരിട്ട് വായ്പ നല്‍കുന്നില്ലെന്നും സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നതെന്നും വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. പദ്ധതിയ്ക്ക് ഇടനിലക്കാരില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.



ഇതോടെ പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ലിങ്കാണ് പ്രചരിക്കുന്നതെന്നും സ്ഥിരീകരിച്ചു.


Conclusion:

മുദ്ര യോജന പ്രകാരം തല്‍സമയ ലോണ്‍ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ ലിങ്കാണ്. പദ്ധതിയ്ക്ക് ഇടനിലക്കാരില്ലെന്നും നേരിട്ട് വ്യക്തികള്‍ക്ക് ലോണ്‍ നല്‍കുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Claim Review:മുദ്ര യോജന പ്രകാരം സിബില്‍ സ്കോര്‍ പോലുമില്ലാതെ വായ്പ തല്‍സമയം
Claimed By:Social media users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. മുദ്രലോണ്‍ വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിങ്കാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Next Story