ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും അമേരിക്ക പ്രശ്നത്തിലിടപെട്ടത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും തുടരുകയാണ്. ഇതിനിടെയാണ് അമേരിക്കയുടെ പ്രഹരശേഷിയേറിയ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വിമാനം വെടിവെച്ചിടുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇറാനെന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രത്തില്‍ തകര്‍ന്നുവീണ വിമാനത്തിന് ചുറ്റും രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച് എക്സില്‍ ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമമേഖല പിന്നിട്ടതായി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ദൗത്യത്തില്‍ പങ്കെടുത്ത വിമാനങ്ങള്‍ തിരിച്ച് അമേരിക്കയിലെത്തുന്ന ദൃശ്യങ്ങള്‍ വൈറ്റ് ഹൗസും എക്സില്‍ പങ്കുവെച്ചിരുന്നു.
മാത്രവുമല്ല, അമേരിക്കന്‍ വിമാനം വെടിവെച്ചിട്ടിരുന്നുവെങ്കില്‍ അത് വലിയ വാര്‍ത്തയാകുമെന്നിരിക്കെ അത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായതുമില്ല. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന ചിത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ചിത്രത്തില്‍ ചില ന്യൂനതകള്‍ കണ്ടെത്തി. വിമാനത്തിന്റെ തകര്‍ന്ന ചിറകിനടുത്ത് നില്‍ക്കുന്നയാളുടെ രൂപം അപൂര്‍ണമാണ്. കൂടാതെ മറുവശത്തെ പലരുടെയും തലയുടെ ഭാഗം വ്യക്തമല്ല. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാകാമെന്ന സൂചനകളിലേക്കാണ് ഈ ന്യൂനതകള്‍ നയിച്ചത്.
ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാകാമെന്ന സൂചന ലഭിച്ചതോടെ ചില എഐ-തിരിച്ചറിയല്‍ പ്ലാറ്റ്ഫോമുകളുപയോഗിച്ച് ചിത്രം പരിശോധിച്ചു. വാസ്-ഇറ്റ്-എഐ എന്ന വെബ്സൈറ്റില്‍ പരിശോധിച്ചതോടെ ചിത്രം എഐ നിര്‍മിതമാകാമെന്ന ഫലമാണ് കിട്ടിയത്.
തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ എന്ന മറ്റൊരു വെബ്സൈറ്റിലും പരിശോധിച്ചു. 99% നിര്‍മിതബുദ്ധി ചിത്രമാകാമെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ ചിത്രം എഐ യഥാര്‍ത്ഥമല്ലെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്നചിത്രം യഥാര്‍ത്ഥമല്ലെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.