കളമശേരി സ്ഫോടനത്തിലെ മത-വര്‍ഗീയ പ്രചരണങ്ങളും കണ്‍വെന്‍ഷന്‍ സെന്ററിനെതിരായ ആരോപണങ്ങളും: വസ്തുതയറിയാം

സ്ഫോടനം നടന്ന സാമ്റ കണ്‍വെന്‍ഷന്‍ സെന്റര്‍ കിന്‍ഫ്രയുടെ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതാണെന്നും ആലുവ, കളമശേരി, പെരുമ്പാവൂര്‍ മേഖലകള്‍ ഇസ്ലാമിക ഭീകര കേന്ദ്രങ്ങളാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നുമാണ് പ്രചരണം.

By HABEEB RAHMAN YP  Published on  30 Oct 2023 4:01 PM IST
കളമശേരി സ്ഫോടനത്തിലെ  മത-വര്‍ഗീയ പ്രചരണങ്ങളും കണ്‍വെന്‍ഷന്‍ സെന്ററിനെതിരായ ആരോപണങ്ങളും: വസ്തുതയറിയാം

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ വ്യാപകം. മതസ്പര്‍ധ പടര്‍ത്താനും സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് വ്യാജപ്രചരണങ്ങള്‍. ഇന്നലെ (ഒക്ടോബര്‍ 29ന്) രാവിലെ യഹോവയുടെ സാക്ഷി വിഭാഗത്തിന്റെ കണ്‍വെന്‍ഷനിടെ കളമശേരി സാമ്റ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ നിരവധി പേരാണ് ഇത്തരം വ്യാജപ്രചരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായത്. എന്നാല്‍ ഉച്ചയോടെ ഇതേവിഭാഗത്തിലെ ഡൊമിനിക് മാ‍ര്‍ട്ടിന്‍ എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെ മത-വര്‍ഗീയ പ്രചരണങ്ങള്‍ അസ്ഥാനത്തായി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജപ്രചരണവുമായി രംഗത്തെത്തിയിരുന്നു.

തുടര്‍ന്നും ചില മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട് ചിലര്‍ പ്രചരണം തുടര്‍ന്നു. ഇത്തരത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിനെതിരെയും കേരളസര്‍ക്കാറിനെതിരെയും രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നു. Stanly Sebastian എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച പോസ്റ്റില്‍ ഇത്തരത്തില്‍‍ ആരോപണങ്ങള്‍ കാണാം.


യഹോവയുടെ സാക്ഷി സഭയുടെ കണ്‍വെന്‍ഷന്‍ നടന്ന കളമശേരിയിലെ സാമ്റ കണ്‍വെന്‍ഷന്‍ സെന്‍റര്‍ കളമശേരി മുന്‍ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ ബന്ധുവിന്റേതാണെന്നാണ് ആദ്യ ആരോപണം. കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കിന് വേണ്ടി നീക്കിവെച്ച സ്ഥലമാണ് ഈ സ്ഥാപനത്തിന് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ഇസ്ലാമിക ഭീകരകേന്ദ്രമായ ആലുവ, പെരുമ്പാവൂര്‍, കളമശേരി മേഖലകളുമായി ബന്ധപ്പെട്ടാണ് സ്ഫോടനം നടന്നതെന്നും ഇസ്ലാമിക ഭീകരരില്‍നിന്ന് കേന്ദ്രസര്‍ക്കാന്‍ കേരളത്തെ സംരക്ഷിക്കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു.


Fact-check:

കളമശേരി സ്ഫോടനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഫാക്ട്ചെക്ക് പ്രസിദ്ധീകരിക്കുന്നതുവരെ (2023 ഒക്ടോബര്‍ 30 വൈകീട്ട് 4 മണി) പൊലീസ് ഔദ്യോഗികമായി ഭീകരവാദ ബന്ധം കണ്ടെത്തിയിട്ടില്ല.

പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം ആലുവ, കളമശേരി, പെരുമ്പാവൂര്‍ തുടങ്ങിയ ഇസ്ലാമിക ഭീകര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഫോടനം നടന്നതെന്നാണ്. എന്നാല്‍ കളമശേരി സ്ഫോടനത്തില്‍ പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടിലോ തുടര്‍ന്ന് മാധ്യമങ്ങളുമായി ക്രമസമാധാന ചുമതലവഹിക്കുന്ന എഡിജിപി എം ആര്‍ അജിത്കുമാറിന്റെ പ്രതികരണങ്ങളിലോ ഈ കേസിന് ഭീകരവാദ ബന്ധമുള്ളതായി സ്ഥിരീകരിച്ചതായി പറയുന്നില്ല.

കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്:



സംഭവം നടന്നദിവസം ഉച്ചകഴിഞ്ഞ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ചശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പങ്കുവെച്ച വിവരങ്ങള്‍:




അന്നേദിവസം രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലും ഇത്തരത്തില്‍ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.




പിറ്റേദിവസം ഏഷ്യാനെറ്റ് ന്യൂസ് നല്കിയ റിപ്പോര്‍ട്ടിലും മാര്‍ട്ടിന്‍ തനിയെയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി പറയുന്നു.




ഇതോടെ കളമശേരി സ്ഫോടനം ഇസ്ലാമിക തീവ്രവാദ ആക്രമണമാണെന്ന ആരോപണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ നിലവില്‍ (2023 ഒക്ടോബര്‍ 30 വൈകീട്ട് 4 മണി) യാതൊരു സ്ഥിരീകരണവുമില്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് പോസ്റ്റില്‍ പരാമര്‍ശിച്ച ആലുവ, കളമശേരി, പെരുമ്പാവൂര്‍ പ്രദേശങ്ങളിലെ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. കേരളത്തിലെ സുപ്രധാന സ്ഫോടനങ്ങളെക്കുറിച്ച് മനോരമ ഓണ്‍ലൈന്‍ നല്‍കിയ ഇന്‍ഫോഗ്രാഫിക്സിലും ഈ മൂന്ന് പ്രദേശങ്ങളെക്കുറിച്ച് പരാമര്‍ശമില്ല.


ഇതോടെ ഈ ആരോപണവും വസ്തുതകളുടെ പിന്‍ബലത്തോടെയല്ലെന്ന് വ്യക്തമായി.

തുടര്‍ന്ന് പോസ്റ്റിലെ മറ്റൊരു ആരോപണത്തെക്കുറിച്ച് പരിശോധിച്ചു. സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ കളമശേരി മുന്‍ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ ബന്ധുവിന്റേതാണെന്നായിരുന്നു ആരോപണം. സ്ഥിരീകരണത്തിനായി ശ്രീ ജമാല്‍ മണക്കാടനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടു. സ്ഥാപനം തന്റെ ഒരു അകന്ന ബന്ധുവിന്റേതാണെന്ന് അദ്ദേഹം ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.

“എന്‍റെ അകന്ന ബന്ധുവിന്റേതുതന്നെയാണ് സ്ഥാപനം. ഇതിനര്‍ഥം അതിന് പക്ഷേ ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. വാണിജ്യാവശ്യത്തിന് നടത്തുന്ന സ്ഥാപനമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. വര്‍ഗീയ ലക്ഷ്യങ്ങളോടെയായിരിക്കാം സ്ഥാപനത്തിനും ഉടമകള്‍ക്കുമെതിരെ പ്രചരണം നടത്തുന്നത്.”

തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജര്‍ ശ്രീ റിയാസിനെ ബന്ധപ്പെട്ടു. സ്ഥാപനം സ്ഥിതിചെയ്യുന്ന ഭൂമി പാട്ടത്തിനെടുത്തത് സംബന്ധിച്ചും അദ്ദേഹം ന്യൂസ്മീറ്ററിനോട് വിശദീകരിച്ചു.

“വാണിജ്യാവശ്യത്തിന് ഞാനും എന്റെ കുടുംബവും നടത്തുന്ന സ്ഥാപനമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. വര്‍‌ഷങ്ങളോളമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കിന്‍ഫ്രയുടെ പാട്ടത്തിനെടുത്ത ഭൂമിയില്‍ തന്നെയാണ്. പക്ഷേ ഇതിന് ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല. പാട്ടത്തിനെടുത്ത ഭൂമിയില്‍ സമീപത്ത് വേറെയും സ്ഥാപനങ്ങളുണ്ട്. ഇവിടെ മതത്തിനും മറ്റ് പരിഗണനകള്‍ക്കും സ്ഥാനമില്ല. വിവാഹം, പ്രദര്‍ശനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ നല്കാറുണ്ട്. യഹോവയുടെ സാക്ഷി കൂട്ടായ്മ ഇതിന് മുന്‍പും പരിപാടികള്‍ നടത്തിയിട്ടുണ്ട്. അവര്‍ വളരെ സമാധാനപരമായാണ് പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. പുറത്തുനിന്ന് ഒരാള്‍ വന്ന് സ്വന്തം നിലയില്‍ ആക്രമണം നടത്തിയത് കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടുത്താനാവുന്നത്?

‌പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസിന് കൈമാറിയെന്നും റിയാസ് ന്യൂസ്മീറ്ററിനോട് പറഞ്ഞു.

തുടര്‍ന്ന് കിന്‍ഫ്രയുടെ കൊച്ചിയിലെ ഹൈടെക് പാര്‍ക്ക് അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. കിന്‍ഫ്ര ആക്ടിന് വിധേയമായി മാനദണ്ഡങ്ങള്‍ പാലിച്ചാണ് Aerens Gold Souk International Ltd. എന്ന സ്ഥാപനത്തിന് കളമശേരിയിലെ 243 ഏക്കറോളം വരുന്ന ഭൂമി പാട്ടത്തിന് നല്കിയതെന്ന് അവര്‍ ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.

“പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഭൂമി പാട്ടത്തിന് നല്കിയത്. 90 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കമ്പനിയ്ക്ക് ഭൂമി ഉപകരാറുകളിലൂടെ മറ്റ് ചെറിയ സ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്കാന്‍ വ്യവസ്ഥയുണ്ട്. ഇപ്രകാരം അവിടെ 34 ചെറിയ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒന്ന് മാത്രമാണ് സാമ്റ കണ്‍വെന്‍ഷന്‍ സെന്റര്‍. ഇതുപോലെ വേറെയും നിരവധി സ്ഥാപനങ്ങള്‍ ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ അവിടെയുണ്ടായ സ്ഫോടനത്തെ ആ സ്ഥാപനവുമായോ കിന്‍ഫ്രയുമായോ ബന്ധിപ്പിക്കുന്നതിന്‍റെ യുക്തി മനസ്സിലാവുന്നില്ല.”

ഇതോടെ പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങള്‍ക്കും നിലവില്‍ അന്വേഷണം തുടരുന്ന കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമായി. തെളിവുകളില്ലാതെ ചില മതവിഭാഗങ്ങളെ ലക്ഷ്യം വെച്ച് വര്‍ഗീയ ചേരിതിരിവിനോ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കോ വേണ്ടിയുള്ള പ്രചരണമാണിതെന്ന് അനുമാനിക്കാം.

Note: നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നപക്ഷം ആവശ്യമെങ്കില്‍ വസ്തുതാപരിശോധനയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതാണ്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇസ്ലാമിക തീവ്രവാദബന്ധം ആരോപിക്കാന്‍ തെളിവുകളില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് ഉപസംഹരിക്കുന്നു.


Conclusion

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിനെതിരെയും കിന്‍ഫ്രയ്ക്കെതിരെയും പെരുമ്പാവൂര്‍, ആലുവ, കളമശേരി തുടങ്ങിയ പ്രദേശങ്ങള്‍ക്കെതിരെയും നടക്കുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമോ നിലവിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമല്ലാത്തതോ ആണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Islamic terrorism behind Kalamassery blast
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story