Fact Check: ഇസ്രയേലി സന്ദര്‍ശനത്തിനെത്തിയ മോദിയുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം? വീഡിയോയുടെ വാസ്തവം

ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ബഹിഷ്ക്കരിച്ച് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയെന്നും ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണംകെടുത്തിയെന്നും അവകാശവാദത്തോടെയാമ് വീഡിയോ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 27 Feb 2026 9:20 PM IST

Fact Check:  ഇസ്രയേലി സന്ദര്‍ശനത്തിനെത്തിയ മോദിയുടെ പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം? വീഡിയോയുടെ വാസ്തവം
Claim:ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയ മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ച് ഇസ്രയേലിലെ പ്രതിപക്ഷം
Fact:പ്രചാരണം വസ്തുതാവിരുദ്ധം, ഇസ്രയേല്‍ സ്പീക്കറുടെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസംഗങ്ങളാണ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത്.

ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം അദ്ദേഹത്തിന്റെ പ്രസംഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നാണംകെട്ടുവെന്നും മോദിയെ ലോകം വെറുക്കുന്നതിന് തെളിവാണിതെന്നും അവകാശപ്പെട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇസ്രായേൽ സ്പീക്കർ അമീർ ഒഹാന പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നതും തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.




Fact-check:


പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇസ്രയേലി പ്രതിപക്ഷം പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.

വീഡിയോയുടെ ദൈര്‍ഘ്യമേറിയ യഥാര്‍ത്ഥ പതിപ്പാണ് ആദ്യം പരിശോധിച്ചത്. ഇസ്രയേലി പാര്‍ലമെന്റായ നെസറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ 2026 ഫെബ്രുവരി 25 ന് തത്സമയം സംപ്രേഷണം ചെയ്ത വീഡിയോ ലഭിച്ചു. രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നെസറ്റില്‍ നടന്ന ചടങ്ങിന്റെ പൂര്‍ണരൂപം കാണാം.



വീഡിയോയുടെ 27-ാം മിനുറ്റിലാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. ഇസ്രായേൽ സ്പീക്കർ അമീർ ഒഹാന മോദിയെ സ്വാഗതം ചെയ്യുന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ഇതിലും കാണാവുന്നത്. ബാക്കിയുള്ളവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സ്പീക്കര്‍ മോദിയെ സംസാരിക്കാന്‍ ക്ഷണിച്ചതല്ലെന്നും ചടങ്ങിലേക്ക് സ്വാഗതം ചെയ്തതാണെന്നും വ്യക്തമായി. സ്പീക്കര്‍ പിന്നീട് പത്തുമിനുറ്റോളം സമയം പ്രസംഗം തുടരുന്നുണ്ട്. പിന്നീട് ബെഞ്ചമിന്‍ നെതന്യാഹു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതിന് ശേഷം പ്രധാനമന്ത്രി മോദിയെ സംസാരിക്കാനായി ക്ഷണിക്കുന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങളെല്ലാം തിരിച്ച് ഹാളിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരുമണിക്കൂര്‍ രണ്ടുമിനിറ്റ് സമയത്താണിത്. പ്രതിപക്ഷ അംഗങ്ങളെല്ലാം സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് മോദിയുടെ അടുത്തെത്തി അദ്ദേഹത്തിന് ഹസ്തദാനം നടത്തുന്നതും മോദിയുടെ പ്രസംഗത്തിന് മുന്‍പായി രണ്ടുമിനിറ്റ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധം മോദിയ്ക്കെതിരെ അല്ലെന്നും മോദിയെ ഇസ്രയേല്‍ ജനത ഒന്നടങ്കം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പ്രധാനമന്ത്രി മോദി സംസാരിക്കുന്നത്.



ഇതോടെ സ്പീക്കറുടെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസംഗങ്ങളാണ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചതെന്നും പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്നും ബോധ്യമായി.

തുടര്‍ന്ന് നെസറ്റില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത് സംബന്ധിച്ചും പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുസംബന്ധിച്ച് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ടൈംസ് ഓഫ് ഇസ്രയേല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഔദ്യോഗിക ചടങ്ങിലേക്ക് ഹൈക്കോടതി പ്രസിഡന്റ് ഐസക് അമിത്തിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിഡിന്റെ നേതൃത്വത്തിൽ എംപിമാർ ഇറങ്ങിപ്പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.




സംഭവത്തില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ യാതൊരു പ്രതിഷേധവുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതായി ജറൂസലേം പോസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ട്.




ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.


Conclusion:


ഇസ്രയേലില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹിഷ്ക്കരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇസ്രയേല്‍ സ്പീക്കറുടെയും പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹുവിന്റെയും പ്രസംഗങ്ങള്‍ ബഹിഷ്ക്കരിച്ച പ്രതിപക്ഷം മോദിയുടെ പ്രസംഗ സമയത്ത് തിരിച്ച് സഭയിലെത്തിയതായി വസ്തുതപരിശോധനയില്‍ കണ്ടെത്തി.

Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വസ്തുതാവിരുദ്ധം, ഇസ്രയേല്‍ സ്പീക്കറുടെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസംഗങ്ങളാണ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത്.
Next Story