ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങള്‍ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ നിരവധി ഇരുരാജ്യങ്ങളെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഇറാന്റെ മിസൈലാക്രമണം ഭയന്ന് ഓടി രക്ഷപ്പെടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയ്ക്ക് നിലവിലെ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
ധൃതിപിടിച്ച് ഒരു കെട്ടിടത്തിന്റെ അകത്തെ വരാന്തയിലൂടെ ഓടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. കെട്ടിടം ഏതാണെന്നത് സംബന്ധിച്ച സൂചനകളൊന്നും വീഡിയോയില്‍നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ നിരവധി പേര്‍ നേരത്തെയും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. 2024 ഓഗസ്റ്റ് 26 ന് പങ്കുവെച്ച വീഡിയോയില്‍ ഹമാസ് ആക്രമണം ഭയന്നോടുന്ന നെതന്യാഹു എന്ന അടിക്കുറിപ്പ് കാണാം. ഇതോടെ ദൃശ്യങ്ങള്‍ മറ്റേതോ സാഹചര്യത്തിലേതാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ തന്റെ എക്സ് അക്കൗണ്ടില്‍ ഈ വീഡിയോ 2021ല്‍ പങ്കുവെച്ചതായി കണ്ടെത്തി.
‘നിങ്ങള്‍ക്കുവേണ്ടി ഓടുന്നതില്‍ എനിക്ക് എപ്പോഴും അഭിമാനമുണ്ട്, പാര്‍ലമെന്റിലെത്താന്‍ അരമണിക്കൂര്‍ സമയമെടുത്തു’ എന്ന അടിക്കുറിപ്പോടെയാണ് നെതന്യാഹു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സംഭവത്തിന് ഇറാന്‍ മിസൈലാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. 2024 ഒക്ടോബര്‍ 2-നായിരുന്നു ഇറാന്റെ മിസൈലാക്രമണം.
സംഭവത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം പരിശോധിക്കുന്നതിനായി കീവേഡ് ഉപയോഗിച്ച് 2021 ലെ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഹീബ്രു ഭാഷയില്‍ പ്രസിദ്ധീകരിച്ച ഏതാനും റിപ്പോര്‍ട്ടുകളില്‍ ഇതേ ദൃശ്യങ്ങള്‍ നല്‍കിയതായി കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
ഇറാന്റെ മിസൈലാക്രമണം ഭയന്ന് ഓടിയൊളിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ 2021-ലേതാണ്. ഈ ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇറാന്‍റെ മിസൈലാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ലമെന്റില്‍ ഒരു വോട്ടെടുപ്പില്‍ പങ്കെടുക്കാനായി അദ്ദേഹം ഓടിയതിന്റെ ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.