ജൂതന്മാര്‍ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്ന വീഡിയോ: വസ്തുതയറിയാം
ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജൂതവേഷത്തിലുള്ള ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഇസ്രയേല്‍ പതാക അഗ്നിക്കിരയാക്കുന്നത് കാണാം.
By - HABEEB RAHMAN YP | Published on 2 Nov 2023 12:23 AM ISTജൂതന്മാര്‍ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്നു എന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍സഹിതം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റീലുകളായും ഫെയ്സ്ബുക്ക് പോസ്റ്റുകളായുമാണ് വീഡിയോ.
ഇസ്രയേലിലെ ഭൂരിപക്ഷ വിഭാഗമായ ജൂതന്മാര്‍ തന്നെ രാജ്യത്തിന്റെ പതാക കത്തിക്കുന്നു എന്ന വിവരണത്തോടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. യുദ്ധത്തില്‍ ഇസ്രയേലിനെതിരെ നിലകൊള്ളുന്നവര്‍ ജൂതന്മാര്‍ക്കിടയില്‍ തന്നെയുണ്ട് എന്ന സൂചനയോടെയാണ് പ്രചരണം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു.
സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജൂതവേഷത്തിലുള്ള ഏതാനുംപേര്‍ ചേര്‍ന്ന് ഇസ്രയേല്‍ പതാക കത്തിക്കുന്നത് കാണാം. ഇവര്‍ പറയുന്ന ഭാഷ മനസ്സിലാക്കാനായില്ല. തുടര്‍ന്ന് വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ തുര്‍ക്കിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമറിപ്പോര്‍ട്ടില്‍ ഇതേ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
2019 ജൂലൈ നാലിനാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദൃശ്യത്തിനൊപ്പം നല്കിയ വളരെ ചുരുങ്ങിയ വിവരണം ഗൂഗ്ള്‍ ട്രാന്‍സലേറ്റിന്റെ സഹായത്തോടെ പരിഭാഷപ്പെടുത്തി. പൊലീസിന്റെ വെടിയേറ്റ് എത്യോപ്യന്‍ ബാലന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇസ്രയേലിലെ ജൂതവിഭാഗത്തിലെ ചിലര്‍ നടത്തിയ പ്രതിഷേധം എന്ന അടിക്കുറിപ്പാണ് നല്കിയിരിക്കുന്നത്.
ലഭിച്ച സൂചനകളും തിയതിയും ഉപയോഗിച്ച് പ്രസക്തമായ കീവേഡുകള്‍ തുര്‍ക്കിഷ് ഭാഷയില്‍ തയ്യാറാക്കി നടത്തിയ പരിശോധനയില്‍ ചില വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2019 ജൂലൈ 4ന് തന്നെ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. വടക്കന്‍ ഇസ്രയേലിലെ കിര്‍യാത്ത് ഹെയിം മേഖലയില്‍ ഡ്യൂട്ടി പൊലീസ് ഓഫീസറുടെ വെടിയേറ്റ് സോളമന്‍ ടെക എന്ന എത്യോപ്യന്‍ ജൂത വംശജനായ 19 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ടെല്‍ അവീവ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രതിഷേധം നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ബിബിസി ഉള്‍പ്പെടെ ജൂലൈ 3 ന് വാര്‍ത്ത നല്കിയതായും കണ്ടു.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ തുര്‍ക്കിഷ് ഭാഷയില്‍ ലഭ്യമായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
ജൂതന്മാര്‍ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ നാല് വര്‍ഷം പഴയതാണ്. ഇത് വടക്കന്‍ ഇസ്രയേലില്‍ പൊലീസ് വെടിയേറ്റ് എത്യോപ്യന്‍ വംശജനായ യുവാവ് കൊല്ലപ്പെട്ടതില്‍ ചില ജൂതവിഭാഗങ്ങള്‍ നടത്തിയ പ്രതിഷേധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. നിലവിലെ ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യം വ്യക്തമാക്കാതെയുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തം.