Fact Check: DYFI-യുടെ പന്നിയിറച്ചി ചലഞ്ചിനെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചോ? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായി DYFI പ്രാദേശികമായി നടത്തുന്ന പന്നിയിറച്ചി ചലഞ്ചിനെതിരെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.

By -  HABEEB RAHMAN YP |  Published on  17 Aug 2024 2:58 PM GMT
Fact Check: DYFI-യുടെ പന്നിയിറച്ചി ചലഞ്ചിനെ ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചോ? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം
Claim: DYFI യുടെ പന്നിയിറച്ചി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെ ദുരന്തബാധിതര്‍ സ്വീകരിക്കരുതെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
Fact: പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നും ജിഫ്രി തങ്ങള്‍ ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാഷ്ട്രീയ-സാമൂഹ്യ മത സംഘടനകളെല്ലാം ധനസമാഹരണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ DYFI ചില പ്രാദേശിക ഘടകങ്ങളില്‍ ‘പന്നിയിറച്ചി ചലഞ്ച്’ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പന്നിയിറച്ചി വിറ്റ് സമാഹരിക്കുന്ന പണം ദുരന്തബാധിതര്‍ സ്വീകരിക്കരുതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ ചിത്രസഹിതം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍‍ഡ് രൂപത്തിലാണ് പ്രചാരണം.



Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഈ വസ്തുത പരിശോധന പ്രസിദ്ധീകരിക്കുന്നതുവരെ ജിഫ്രി തങ്ങള്‍ ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്കാര്‍ഡിലെ ഫോണ്ടിന്റെ പ്രകടമായ മാറ്റവും തിയതി രേഖപ്പെടുത്താതതുമെല്ലാം കാര്‍ഡ് വ്യാജമാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിഫ്രി തങ്ങളുടെ ഇതേ ചിത്രമുപയോഗിച്ച് ഇതേ ഡിസൈനില്‍ ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ്‍ 26ന് പങ്കുവെച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.



സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത എതിരല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയ കാര്‍ഡില്‍ അദ്ദേഹത്തിന്റെ പേരൊഴികെ മറ്റ് വാചകങ്ങള്‍ മാറ്റി പുതിയവ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതോടെ വ്യക്തമായി.



തുടര്‍ന്ന് DYFI ക്യാംപയിന്‍ സംബന്ധിച്ച് സ്ഥിരീകരണത്തിനായി സംസ്ഥാന പ്രസിഡന്റ് വി. വസീഫുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“പ്രാദേശികമായി ചില യൂണിറ്റുകളാണ് ഇത്തരത്തില്‍ പോര്‍ക്ക് ചലഞ്ച് സംഘടിപ്പിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. വിപണി വിലയെക്കാള്‍ കുറച്ചു നല്‍കി തുക വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. ഇതില്‍ DYFI സംസ്ഥാന നേതൃത്വം തെറ്റൊന്നും കാണുന്നില്ല. പ്രാദേശികമായി ചില സമുദായങ്ങ‍ള്‍ ഉപയോഗിക്കുന്ന വിഭവമാണല്ലോ പന്നിയിറച്ചി. നേരത്തെ ബീഫ് ഫെസ്റ്റും ഇത്തരത്തില്‍ DYFI നടത്തിയിരുന്നു. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ഈ പരിപാടിയെ വിമര്‍ശിക്കേണ്ട സാഹചര്യമില്ല. ജിഫ്രി തങ്ങള്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.”

കാര്‍ഡ് എഡിറ്റ് ചെയ്തതാണെങ്കിലും വിഷയത്തില്‍ ജിഫ്രി തങ്ങളുടെ നിലപാടറിയുന്നതിനായി അദ്ദേഹവുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:

“ഈ വിഷയത്തില്‍ എന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. വ്യാജമായി എന്റെ ചിത്രമടക്കം ഉപയോഗിച്ച് നേരത്തെയും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അവയെ അവഗണിക്കുകയാണ് പതിവ്. DYFI യുടെ പരിപാടിയെക്കുറിച്ച് പ്രതികരിക്കേണ്ട സമയം ഇതല്ല.”

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. അതേസമയം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പന്നിയിറച്ചി ചലഞ്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയതായും കണ്ടെത്തി.


Conclusion:

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായി DYFI സംഘടിപ്പിക്കുന്ന പന്നിയിറച്ചി ചലഞ്ചിനെ വിമര്‍ശിച്ച് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും ജിഫ്രി തങ്ങള്‍ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:DYFI യുടെ പന്നിയിറച്ചി ചലഞ്ചിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെ ദുരന്തബാധിതര്‍ സ്വീകരിക്കരുതെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നും ജിഫ്രി തങ്ങള്‍ ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
Next Story