ആലപ്പുഴയില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങളെ മുസ്‍ലിംകള്‍ ആക്രമിക്കുന്ന ദൃശ്യമെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം കരോള്‍ സംഘത്തെ ഏതാനും യുവാക്കള്‍ ആക്രമിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ജിഹാദികള്‍ കരോള്‍ സംഘത്തെ ആക്രമിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും രണ്ട് പ്രാദേശിക ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങളിലെ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസ് 2025 ഡിസംബര്‍ 25 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രണ്ട് കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി എന്ന തരത്തിലാണ് വാര്‍ത്ത. ആലപ്പുഴ നൂറനാട്ടെ യുവ, ലിബര്‍ട്ടി എന്നീ യുവജന ക്ലബുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനല്‍ പരിശോധിച്ചതോടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോര്‍ട്ടും ലഭിച്ചു.
മീഡിയവണ്‍ ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്കിയിട്ടുണ്ട്.
വർഷങ്ങളായി നൂറനാട് പ്രവർത്തിച്ചിരുന്ന യുവ ക്ലബ്ബിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കമെന്നും ക്ലബ്ബിലുണ്ടായ ഭിന്നതയെത്തുടർന്ന് ഒരു വിഭാഗം പ്രവത്തകർ പിരിഞ്ഞുപോയി ലിബർട്ടി എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിക്കുകയും . ഈ ക്ലബ്ബുകൾ തമ്മിൽ നിലനിന്നിരുന്ന വൈരാഗ്യം അക്രമത്തില്‍ കലാശിച്ചുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി നൂറനാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സംഭവത്തില്‍ യാതൊരു സാമുദായിക പ്രശ്നങ്ങളുമില്ലെന്നും കേവലം യുവജനക്ലബുകള്‍ തമ്മിലെ പ്രശ്നം മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്.
Conclusion:
ആലപ്പുഴയില്‍ കരോള്‍ സംഘത്തിന് നേരെ ജിഹാദി ആക്രമണം എന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. രണ്ട് യുവജന ക്ലബുകള്‍ തമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കരോള്‍ സംഘങ്ങള്‍ തമ്മിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും സംഭവത്തിന് സാമുദായിക തലങ്ങളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.