ജിയോയുടെ കിടിലന്‍ ഓഫറെന്ന അവകാശവാദത്തോടെ മുകേഷ് അംബാനിയുടെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2999 രൂപയ്ക്ക് പകരം 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരുവര്‍ഷത്തേക്ക് സൗജന്യ കോളും പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കുമെന്ന അവകാശവാദത്തോടെയാണ് സന്ദേശം. ഇതിനൊപ്പം റീച്ചാര്‍ജ് ചെയ്യാനെന്ന രൂപേണ ഒരു ലിങ്കും നല്‍കിയതായി കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള സ്കാം ലിങ്ക് ആണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സമ്മര്‍ റീച്ചാര്‍ജ് ധമാക്ക എന്ന പേരിലുള്ള പേജില്‍നിന്നാണ് ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഇത് ജിയോയുടെ ഔദ്യോഗിക പേജല്ലെന്നത് സന്ദേശത്തെക്കുറിച്ച് സംശയമുളവാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിയോയുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് പേജില്‍ ഇത്തരമൊരു പരസ്യം കണ്ടെത്താനായില്ല.
തുടര്‍ന്ന് സന്ദേശം പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പേജ് വിശദമായി പരിശോധിച്ചു. ഈ പേജില്‍ വെറെ ഉള്ളടക്കങ്ങളൊന്നും കണ്ടെത്താനായില്ല. മാത്രവുമല്ല, ഈ പേജ് നേരത്തെ മറ്റൊരു പേരില്‍ 2023 ഒക്ടോബറില്‍ ആരംഭിച്ചതാണെന്നും 2024 ജൂലൈ 11ന്, അതായത് ഈ സന്ദേശം പങ്കുവെയ്ക്കുന്നതിന് രണ്ടുദിവസം മുന്‍പ് മാത്രമാണ് പേജിന്റെ പേര് മാറ്റിയതെന്നും കണ്ടെത്തി. ഇതോടെ സന്ദേശം വ്യാജമാകാമെന്ന സംശയം ബലപ്പെട്ടു.
തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചതിന് ശേഷം സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചു. ഇത് https://myyjiio.live/to/vo/index.html എന്ന ലിങ്കിലേക്കാണ് ഇത് ഉപയോക്താക്കളെ നയിക്കുന്നത്. ഇതൊരു ഫിഷിങ് സൈറ്റ് ആണെന്ന് ഗൂഗ്ള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ വെബ്സൈറ്റ് അഡ്രസിന് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. https://www.jio.com/ എന്നതാണ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്. തുടര്‍ന്ന് ഈ വെബ്സൈറ്റില്‍ നല്‍കിയ ഓഫറുകള്‍ പരിശോധിച്ചു. പ്രീപെയ്ഡ് ഓഫറുകളുടെ പട്ടികയിലൊന്നും 399 രൂപയുടെ ഇത്തരമൊരു ഓഫര്‍ കണ്ടെത്താനായില്ല.
പിന്നീട് പ്രാദേശിക റീട്ടെയില്‍ ഷോപ്പുകളിലും അന്വേഷിച്ചു. ഇത്തരമൊരു ഓഫര്‍ നിലവിലില്ലെന്ന് അവരും വ്യക്തമാക്കി.
തുടര്‍ന്ന് സൈബര്‍രംഗത്തെ ചില വിദഗ്ധരുമായി സംസാരിച്ചതോടെ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പിനായി തയ്യാറാക്കിയതാണെന്ന് അവര്‍ സ്ഥിരീകരിച്ചു. ഇതുവഴി റീച്ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതോടെ മൊബൈല്‍ നമ്പറും റീച്ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടിനാവശ്യമായ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ശേഖരിക്കാനായേക്കുമെന്നും അവര്‍ വ്യക്തമാക്കി.
Conclusion:
ജിയോയുടെ പ്രത്യേക ഓഫറെന്ന രീതിയില്‍ 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരുവര്‍ഷത്തേക്ക് സൗജന്യ കോളും ഇന്റര്‍നെറ്റും ലഭിക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ ലിങ്ക് ആണെന്നും ജിയോ ഇത്തരമൊരു ഓഫര്‍ നല്‍കുന്നില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.