Fact Check: റീച്ചാർജ് സ്പെഷ്യൽ ഓഫറുകളുമായി ജിയോ? പ്രചരിക്കുന്ന ലിങ്കിന്റെ യാഥാർത്ഥ്യമറിയാം

മൂന്നുമാസത്തെ റീചാർജ് സ്കീമിൽ പ്രത്യേക ഓഫറുകൾ എന്ന പേരിലാണ് പ്രചരണം.

By Sibahathulla Sakib  Published on  4 Oct 2024 3:47 PM IST
Fact Check: റീച്ചാർജ് സ്പെഷ്യൽ ഓഫറുകളുമായി ജിയോ? പ്രചരിക്കുന്ന ലിങ്കിന്റെ  യാഥാർത്ഥ്യമറിയാം
Claim: റീച്ചാർജ് സ്പെഷ്യൽ ഓഫറുകളുമായി ജിയോ.
Fact: പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന ഓഫറുകളൊന്നും നിലവിലില്ല.

2024 ജൂലൈ മുതൽ ജിയോ, എയർടെൽ, വിഐ എന്നീ മൊബൈൽ സേവനദാതാക്കൾ റീചാർജ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. 2021 ന് ശേഷം നടത്തുന്ന ആദ്യത്തെ ഉയർന്ന നിരക്ക് വർദ്ധനവാണിത്. ജൂലൈ 3 മുതൽ ജിയോയുടെ പുതിയ നിരക്കുകളിൽ 12-25% വർദ്ധനവാണ് സംഭവിച്ചത്.

ഇതിനിടയിൽ മൂന്നുമാസത്തെ റീചാർജ് പദ്ധതിയെന്നോണം ജിയോ കമ്പനിയുടെ പ്രത്യേക ഓഫറുകൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം.

‘84 ദിവസത്തേക്കുള്ള പ്ലാനിൽ ദിവസവും ഒന്നര ജിബി ഡാറ്റയുടെ പാക്കിന് 149 രൂപയും രണ്ട് ജിബി ഡാറ്റയുടെ പാക്കിന് 84 ദിവസത്തേക്ക് 199 രൂപയും ആറുമാസത്തേക്ക് 279 രൂപയ്ക്കും 12 മാസത്തേക്ക് 379 രൂപയുമാണ് സ്പെഷ്യൽ ഓഫർ’ എന്നാണ് പ്രചരണം.

ഗൂഗിൾ പേയുടെ പേരും ലോഗോയും ഒപ്പം എയർടെൽ‍, ജിയോ, വിഐ, ബിഎസ്എൻ‍എൽ‍ എന്നീ നാല് സേവനദാതാക്കളുടെയും ലോഗോ സഹിതമുള്ള പോസ്റ്ററുകളോടൊപ്പം ഒരു ലിങ്കുമാണ് നൽ‍കിയിരിക്കുന്നത്.

Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്നും ന്യൂസ്മീറ്റർ‍ അന്വേഷണത്തിൽ‍ വ്യക്തമായി.

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ളൊരു പ്രത്യേക ഓഫറുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല.

ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 84 ദിവസത്തേക്കുള്ള പ്ലാനിൽ ദിവസവും ഒന്നര ജിബി ഡാറ്റയുടെ പാക്കിന് 799 രൂപയും രണ്ട് ജിബി ഡാറ്റയുടെ പാക്കിന് 84 ദിവസത്തേക്ക് 859 രൂപയുമാണ്.

ആറുമാസത്തേക്കും 12 മാസത്തേക്കുമുള്ള രണ്ട് ജിബി ഡാറ്റയുടെ പ്ലാനുകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ ഔദ്യോഗികമായി ഇത്തരമൊരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമായി.

പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചപ്പോൾ അത് ജിയോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെന്ന് വ്യക്തമായി. മാത്രമല്ല ലിങ്കിലൂടെ ചെന്നെത്തിയ വെബ്സൈറ്റിൽ കേവലം ജിയോ കമ്പനിയുടെ മാത്രമല്ല വിഐ, ബിഎസ്എൻ‍എൽ, എയർ‍ടെൽ ‍ എന്നീ സേവനദാതാക്കളുടെയും റീച്ചാർജ് ഓപ്ഷനുകൾ കാണാൻ സാധിച്ചു.

കൂടാതെ സാധാരണയായി സംശയാസ്പദമായ പ്രവർത്തനവുമായോ ഫിഷിംഗ് സൈറ്റുകളുമായോ ബന്ധപ്പെട്ടിരിക്കുന്ന ".xyz" എന്ന ഡൊമെയ്‌നാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ഇതോടെ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായി.

മാത്രമല്ല ഓഫറുകൾ പ്രചരിപ്പിച്ച ജിയോ ഒഫെർസ്, ഗ്രേയിറ്റ് ഡീൽ, എന്നീ ഫെയ്സ്ബുക്ക് പേജുകൾ പരിശോധിച്ചതോടെ പ്രചാരണം തട്ടിപ്പാകാനുള്ള സാധ്യതയാണ് കണ്ടത്. ഈ ഒരൊറ്റ ഓഫറിനെ കുറിച്ചുള്ള പോസ്റ്റ് അല്ലാതെ മറ്റൊന്നും ഈ പേജുകളിൽ പങ്കുവച്ചിട്ടില്ല.

മൊബൈൽ സേവന ദാതാക്കളുടെ റീച്ചാർജ് ഓഫറുകൾ എന്ന പേരിൽ സമാനമായൊരു വ്യാജ പ്രചരണം ന്യൂസ് മീറ്റർ മുന്നേ പ്രസിദ്ധീകരിച്ചിരുന്നു.

വൻ ഓഫറുമായി ഫോൺ പേ എന്ന പേരിൽ ഓഫറുകളെ കുറിച്ച് മലയാളത്തിൽ വിവരിക്കുന്ന ഹ്രസ്വ വീഡിയോയും ഒപ്പം ഒരു ലിങ്കുമായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ വെബ്സൈറ്റ് ലിങ്കാണതെന്നുള്ളത് ഞങ്ങൾ കണ്ടെത്തിയിരുന്നു.

Conclusion:

റീച്ചാർജ് സ്പെഷ്യൽ ഓഫറുകളുമായി ജിയോ കമ്പനി എന്ന പേരിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ വെബ്സൈറ്റാണിതെന്നും ഇത്തരം ഓഫറുകൾ‍ നിലവിലില്ലെന്നും ന്യൂസ്മീറ്റർ‍ അന്വേഷണത്തിൽ‍ വ്യക്തമായി.

Claim Review:റീച്ചാർജ് സ്പെഷ്യൽ ഓഫറുകളുമായി ജിയോ.
Claimed By:Facebook Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം; പ്രചരിക്കുന്ന ഓഫറുകളൊന്നും നിലവിലില്ല.
Next Story