2024 ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുവര്‍ധന നടപ്പാക്കിയത്. ജിയോ, എയര്‍ടെല്‍, വിഐ എന്നീ മൂന്ന് സേവനദാതാക്കളുടയും നിരക്കില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഇതിന് പിന്നാലെ താരതമ്യേന നിരക്കു കുറഞ്ഞ പൊതുമേഖല സേവനദാതാവായ BSNLന്റെ സ്വീകാര്യതയും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിരക്കുവര്‍ധനയ്ക്കിടെ വന്‍ ഓഫറുമായി ഫോണ്‍പേ രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
എയര്‍ടെല്‍, ജിയോ, വിഐ, ബിഎസ്എന്‍എല്‍ എന്നീ നാല് സേവനദാതാക്കളുടെയും ലോഗോ സഹിതം വിവിധ ഓഫറുകളെക്കുറിച്ച് മലയാളത്തില്‍ വിവരിക്കുന്ന ഹ്രസ്വവീഡിയോയും ഒപ്പം ഒരു ലിങ്കുമാണ് നല്‍കിയിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
ഔദ്യോഗിക വെബ്സൈറ്റുകളാണ് ആദ്യം പരിശോധിച്ചത്. എയര്‍ടെല്‍, ജിയോ, വിഐ, ബിഎസ്എന്‍എല്‍ എന്നീ നാല് സേവനദാതാക്കളുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന വീഡിയോയില്‍ പരാമര്‍ശിക്കുന്ന തരത്തില്‍ ഒരു ഓഫറും കണ്ടെത്താനായില്ല.
പ്രചരിക്കുന്ന വീഡിയോ പങ്കുച്ചിരിക്കുന്നത് RC Dealz എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്നാണ്. ഈ പേജ് പരിശോധിച്ചതോടെ പ്രചാരണം തട്ടിപ്പാകാനുള്ള സാധ്യതയാണ് കണ്ടത്. 2022 ല്‍ മറ്റൊരു പേരില്‍ ഗെയിമിങ് വിഭാഗത്തില്‍ തുടങ്ങിയ പേജ് 2024 ജൂലൈ 23നാണ് പേര് മാറ്റി പുതിയ രൂപത്തിലെത്തുന്നത്.
പേജില്‍ മറ്റ് ഉള്ളടക്കങ്ങളില്ലാത്തതും വെരിഫൈഡ് അല്ലാത്തതുമൊക്കെ ഈ പ്രചാരണം വ്യാജമാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് (സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം) പരിശോധിച്ചു. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രത്യക്ഷപ്പെടുന്നത് rcspecial.com.tr എന്ന ഡൊമൈന് കീഴില്‍ തയ്യാറാക്കിയ ഒരു സ്റ്റാറ്റിക് വെബ്സൈറ്റിലേക്കാണ്. ഡൊമൈന്‍ അവസാനിക്കുന്ന tr എന്ന ഭാഗം വെബ്സൈറ്റ് ഇന്ത്യയില്‍ ഹോസ്റ്റ് ചെയ്തതതല്ലെന്ന സൂചന നല്‍കി. തുര്‍ക്കിയില്‍ ഹോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകളുടെ ഡൊമൈന്‍ ആണിത്.
ലിങ്കിന്റെ ഹോം പേജില്‍ ഫോണ്‍പേയുടെ ലോഗോയും മൊബൈല്‍ നമ്പര്‍ നല്‍കാനുള്ള സ്പേസും നല്‍കിയിട്ടുണ്ടെങ്കിലും ഫോണ്‍പേയുടെ ഔദ്യോഗിക വെബ്സൈറ്റ് വേറെയാണ്. ഇതോടെ തട്ടിപ്പിനായി തയ്യാറാക്കിയ വ്യാജ വെബ്സൈറ്റാണിതെന്ന് വ്യക്തമായി.
സേവനദാതാവിനെ തിരഞ്ഞെടുത്ത ശേഷം ഡമ്മി മൊബൈല്‍ നമ്പര്‍ നല്‍കി റീചാര്‍ജ് ഓപ്ഷന്‍ നല്‍കുന്നതോടെ മറ്റൊരു പേജിലേക്ക് പോകുന്നു. ഇവിടെ മികച്ച ഓഫറില്‍ ലഭ്യമായ നിരവധി റീച്ചാര്‍ജ് ഓപ്ഷനുകള്‍ പട്ടികപ്പെടുത്തിയതായി കാണാം.
ഇതില്‍ ഏത് തിരഞ്ഞെടുത്താലും Razorpay എന്ന പെയ്മെന്റ് ഗേറ്റ്-വേ വഴി സജ്ജീകരിച്ച UPI പണമിടപാടിലേക്കാണ് പോവുന്നത്. തിരഞ്ഞെടുത്ത തുക നേരിട്ട് ഒരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന തരത്തിലാണിത് ക്രമീകരിച്ചിരിക്കുന്നത്.
@aapkishop1297 എന്ന യുപിഐ ഐഡിയിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെടുക. ഇത് ഒരു ഔദ്യോഗിക സേവനദാതാവിന്റെയും യുപിഐ അല്ലെന്ന് വ്യക്തമാണ്. പെയ്മെന്റ് ഓപ്ഷന്‍ നല്‍കുന്നതോടെ പണം നഷ്ടപ്പെടുകയാണ് ചെയ്യുക.
ഇതോടെ പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായി.
Conclusion:
മൊബൈല്‍ നിരക്ക് വര്‍ധനയ്ക്കിടെ വന്‍ ഓഫറുമായി ഫോണ്‍പേ രംഗത്തെത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ വെബ്സൈറ്റാണിതെന്നും ഇത്തരം ഓഫറുകള്‍ നിലവിലില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.