വാര്‍ത്താ ചാനലിലെ ചര്‍ച്ചാ പരിപാടിയുടെ ആമുഖത്തില്‍ പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസിനെയും അവതാരക അതിരൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയില്‍ അവതാരക നിഷ പുരുഷോത്തമന്റെ ആമുഖ വീഡിയോ എന്ന നിലയിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ‘നിഷ പാര്‍ട്ടി മാറിയോ’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ ക്ഷേമപെന്‍ഷന്‍ തുക ഉയര്‍ത്തിയ വിഷയത്തിലും അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും പ്രതിപക്ഷത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്നത് കാണാം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ അവതരണശൈലിയിലും ഭാഷാപ്രയോഗങ്ങളിലും ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പെട്ടതോടെ വീഡിയോ വിശദമായി പരിശോധിച്ചു. വ്യക്തത കുറഞ്ഞ വീഡിയോ ആണെങ്കിലും ഇത് യഥാര്‍ത്ഥ ഓഡിയോ അല്ലെന്ന സൂചന ലഭിച്ചു. ശബ്ദവും ദൃശ്യവും തമ്മിലെ പ്രകടമായ വ്യത്യാസം ദൃശ്യങ്ങളില്‍ കാണാം.
തുടര്‍ന്ന് യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ ശ്രമം തുടങ്ങി. മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച കൗണ്ടര്‍പോയിന്റ് പരിപാടികളുടെ വീഡിയോകള്‍ വിശദമായി പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. 2025 ഒക്ടോബര്‍ 13 ന് പങ്കുവെച്ച പതിപ്പിലെ വീഡിയോയാണിത്.
രാജ്യത്തെ മുഖ്യമന്ത്രിമാര്‍ പോലും ഈ അന്വേഷണ ഏജന്‍സികളാല്‍ ചോദ്യം ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ പിണറായി വിജയന്‍റെ മക്കള്‍ക്ക് പ്രത്യേക പരിഗണനയെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നതായിരുന്നു ചര്‍ച്ചാവിഷയം. ക്ഷേമപെന്‍ഷന്‍ വര്‍ധനയും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമടക്കം സംഭവങ്ങളുടെയെല്ലാം ഏറെ നാള്‍ മുന്‍പ് നടന്ന ചര്‍ച്ചയാണിത്.
ചര്‍ച്ചയുടെ ആമുഖത്തില്‍ നിഷ സംസാരിക്കുന്നത് പൂര്‍ണമായും മറ്റൊരു ഉള്ളടക്കമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഈ ദൃശ്യങ്ങളുടെ ഓഡിയോയ്ക്ക് പകരം മറ്റൊരു ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചാരണമെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവതാരക നിഷ പുരുഷോത്തമന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതായി കണ്ടെത്തി. വ്യാജ ശബ്ദം ചേര്‍ത്ത് പ്രചരിപ്പിക്കുന്നുവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കുന്നു.
വ്യാജപ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മനോരമ ന്യൂസും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
മനോരമ ന്യൂസ് ചാനല്‍ അവതാരക നിഷ പുരുഷോത്തമന്‍ പ്രതിപക്ഷനേതാവിനും കോണ്‍ഗ്രസിനുമെതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷമായ പ്രതികരണം നടത്തിയെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥ വീഡിയോയിലെ ശബ്ദം മാറ്റി മറ്റൊരു ശബ്ദം ചേര്‍ത്താണ് പ്രചാരണമെന്നും കണ്ടെത്തി.