അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ചുമതലയേറ്റതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായതെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ബ്രിട്ടന്റെ 71 വര്‍ഷത്തെ കുത്തകയെ തകര്‍ത്താണ് ഈ വിജയമെന്നും അവകാശവാദമുണ്ട്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ചീഫ് ജസ്റ്റിസ് പദവിയില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെബ്സൈറ്റാണ് ആദ്യം പരിശോധിച്ചത്. ഇന്ത്യക്കാരനായ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഒരംഗം മാത്രമാണെന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് എന്നൊരു പദവി ഇതിലില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളുണ്ട്. ലെബനനിലെ നവാഫ് സലാമാണ് പ്രസിഡന്റ് പദവിയിലുള്ളതെന്നും വൈസ് പ്രസിഡന്റ് ഉഗാണ്ടയിലെ ജൂലിയ സെബുടിന്‍ഡെയാണെന്നും വെബ്സൈറ്റില്‍ കാണാം. 2024 ഫെബ്രുവരി മുതലാണ് ഇവര്‍ ഈ പദവികളിലെത്തിയത്.
തുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചട്ടങ്ങള്‍ പരിശോധിച്ചതോടെ ചീഫ് ജസ്റ്റിസ് പദവിയില്ലെന്ന് സ്ഥിരീകരിക്കാനായി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന രീതിയടക്കം എല്ലാ കാര്യങ്ങളും ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അദ്ദേഹം 2018 ഫെബ്രുവരിയില്‍ അംഗമായി രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ടതാണ്. 2012 മുതല്‍ അദ്ദേഹം അംഗമായിരുന്നുവെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ കൂടുതല്‍ പരിശോധനയില്‍ 2012 ല്‍ അദ്ദേഹത്തെ അംഗമായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ICJ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ലഭിച്ചു. 2012 ഏപ്രില്‍ 27നാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതോടെ യുപിഎ സര്‍ക്കാറിന്റെ കാലം മുതല്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി ICJ അംഗമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അദ്ദേഹത്തെ 2017 നവംബറില്‍ വീണ്ടും തിരഞ്ഞെടുത്തത് സംബന്ധിച്ചുള്ള പത്രക്കുറിപ്പും ലഭിച്ചു.
ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ പുനര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ പ്രസ്തുത പദവിയിലേക്ക് മത്സരിച്ച ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് 183 വോട്ട് നേടി ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തമായി.
Conclusion:
ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഇത് നരേന്ദ്രമോദിയുടെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണെന്നുമുള്ള അവകാശവാദം അടിസ്ഥാനരഹിതമാണ്. 2012 മുതല്‍ ICJ അംഗമായ അദ്ദേഹത്തെ 2017ല്‍ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ICJയില്‍ ചീഫ് ജസ്റ്റിസ് പദവിയില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.