KPCC പ്രസിഡന്റ് കെ സുധാകരന്‍ ഗവര്‍ണറാകാന്‍ താല്പര്യം പ്രകടിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം. മന്ത്രിയായും എംപിയായും സേവനമനുഷ്ഠിച്ച തനിക്ക് ഗവര്‍ണറാകാന്‍ താല്പര്യമുണ്ടെന്ന തരത്തില്‍ കെ സുധാകരന്‍ പ്രസ്താവന നടത്തിയതായാണ് പ്രചാരണം. (Archive)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കെ സുധാകരനും ബിജെപിയിലേക്ക് പോകാനുള്ള താല്പര്യം പ്രകടിപ്പിക്കുന്നതാണ് പ്രസ്താവനയെന്ന തരത്തില്‍ നിരവധി പേരാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന കാര്‍ഡ് സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇത് എഡിറ്റ് ചെയ്തതാകാമെന്ന നിരവധി സൂചനകള്‍ ലഭിച്ചു.
കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫോണ്ടല്ലെന്നത് വ്യക്തമാണ്. കെ സുധാകരന്‍ എന്നെഴുതിയിരിക്കുന്ന ഫോണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഉപയോിഗക്കുന്ന ഫോണ്ട്. കൂടാതെ പ്രധാന വാക്യത്തില്‍ കടന്നുകൂടിയ തെറ്റായ പ്രയോഗങ്ങളും ഘടനാപരമായ പ്രശ്നങ്ങളും കാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാകാമെന്ന സൂചന നല്‍കി. കാര്‍ഡിലെ തിയതി നല്‍കിയിരിക്കുന്ന ഭാഗം ശരിയായ അനുപാതത്തിലല്ല എന്നതും ശ്രദ്ധേയമാണ്.
തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയായ 2024 മെയ് 24 ന് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചു. ഇതോടെ ഇതിന്റെ യഥാര്‍ത്ഥ കാര്‍ഡ് ലഭ്യമായി. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാര്‍ഡാണെന്നും വ്യക്തമായി. (Archive)
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എംബി രാജേഷിനെതിരെ കെ സുധാകരന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ വാര്‍ത്താ കാര്‍ഡിലെ വാക്യങ്ങളും പശ്താത്തലവും എഡിറ്റ് ചെയ്താണ് പ്രചാരണമമെന്ന് ഇതോടെ സ്ഥിരീകരിച്ചു.
2001-2004 കാലയളവില്‍ കേരള മന്ത്രിസഭയില്‍ വനം-കായിക വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരന്‍ നിലവില്‍ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള എംപിയും KPCC പ്രസിഡന്റുമാണ്. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ 2024 മാര്‍ച്ചില്‍ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. പിന്നീട് ഏപ്രിലില്‍ ദല്ലാള്‍ നന്ദകുമാര്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തുകയും ഇത് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
ഗവര്‍ണറാകണമെന്ന് കെ സുധാകരന്‍ താല്പര്യം പ്രകടിപ്പിച്ചതായ ഒരു മാധ്യമ റിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.
Conclusion:
KPCC പ്രസിഡന്റ് കെ സുധാകരന്‍ ഗവര്‍ണറാകാന്‍ താല്പര്യം പ്രകടിപ്പിച്ചുവെന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.