കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബന്ധി സഞ്ജയ് കുമാറിനെ അര്‍ധരാത്രി പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. I am Congress എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, ബിജെപി ഭരണത്തിന് കീഴില്‍ ഒളിച്ചിരുന്ന പാര്‍ട്ടി അധ്യക്ഷനെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തുവെന്നാണ് അവകാശവാദം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കര്‍ണാടക ബിജെപി പ്രസിഡന്‍റിന്‍റെ പേര് പരിശോധിച്ചു. ബന്ധി സഞ്ജയ് കുമാര്‍ എന്ന വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും അദ്ദേഹം തെലങ്കാനയിലെ ബിജെപി അധ്യക്ഷനാണെന്ന സൂചനകള്‍ ലഭിച്ചു.
തുടര്‍ന്ന് ഇദ്ദേഹം തന്നെയാണോ ദൃശ്യങ്ങളിലുള്ളതെന്ന് സ്ഥിരീകരിക്കാനായി ലഭിച്ച സൂചനകളിലെ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2023 ഏപ്രില്‍ 5ന് The Wire നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന വീഡിയോയില്‍നിന്നുള്ള ഭാഗം ചിത്രമായി നല്‍കിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത് കര്‍ണാടകയിലെ ബിജെപി പ്രസിഡന്റല്ലെന്നും, തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ധി സഞ്ജയ് കുമാറാണെന്നും വ്യക്തമായി. 2023 ഏപ്രില്‍ നാലിനായിരുന്നു സംഭവമെന്നും വാര്‍ത്തകളില്‍ വ്യക്തമാണ്. അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചതായി ഏപ്രില്‍ ആറിന് NDTV റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ കര്‍ണാടകയിലെ ബിജെപി പ്രസിഡന്റ് ആരാണെന്നും അന്വേഷിച്ചു. ഇത് നളിന്‍ കുമാര്‍ കട്ടീല്‍ ആണെന്ന് കണ്ടെത്തി. അദ്ദേഹത്തിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലിലും ഇത് നല്‍കിയിട്ടുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലെ ബിജെപി പ്രസിഡന്‍റിനെ ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അര്‍ധരാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തെലങ്കാനയിലെ ബിജെപി പ്രസിഡന്റ് ബന്ധി സഞ്ജയ് കുമാറിനെ 2023 ഏപ്രില്‍ 4ന് രാത്രി അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണിതെന്നും ഇതിന് കര്‍ണാടക സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.