സ്ത്രീകളുടെ സ്വയരക്ഷയ്ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്: വാട്സാപ്പ് സന്ദേശങ്ങളുടെ വസ്തുതയറിയാം
കേരള ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹെബ് നല്‍കുന്ന മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ ഇന്ത്യന്‍ ശിക്ഷാനിയമം 233 ഉദ്ധരിച്ചുകൊണ്ടാണ് സ്വയരക്ഷയ്ക്ക് അക്രമിയെ കൊലപ്പെടുത്താമെന്ന സന്ദേശം പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 16 Aug 2023 1:17 AM ISTസ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ സ്വയരക്ഷയ്ക്ക് അക്രമിയെ കൊലപ്പെടുത്താമെന്നും കേസ് നിലനില്‍ക്കില്ലെന്നും അവകാശപ്പെടുന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേരള പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹെബിന്‍റെ സന്ദേശം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന സന്ദേശത്തില്‍ ഐപിസി 233 പ്രകാരം സ്വയരക്ഷയ്ക്കായി പ്രതിരോധത്തിനിടെ സ്ത്രീകള്‍ അക്രമിയെ കൊലപ്പെടുത്തിയാല്‍ കൊലക്കുറ്റത്തിന് കേസെടുക്കില്ലെന്നും അവകാശപ്പെടുന്നു.
ഡിജിപിയുടെ ചിത്രസഹിതം പ്രചരിക്കുന്ന ഈ സന്ദേശം പ്രധാനമായു വാട്സാപ്പ് വഴിയാണ് പങ്കുവെയ്ക്കപ്പെടുന്നത്. വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് Rafeek Sulaiman എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ചതായി കാണാം.
Fact-check:
ഔദ്യോഗിക അറിയിപ്പിന്‍റെ രീതിയിലല്ലാതെ ഡിജിപിയുടെ ചിത്രവും വാട്സാപ്പ് സന്ദേശവും മാത്രമായി പ്രചരിക്കുന്ന കുറിപ്പിന്‍റെ ഉള്ളടക്കംതന്നെ സംശയമുളവാക്കി. പ്രാഥമിക പരിശോധനയില്‍ വ്യാജമെന്ന് തോന്നിയതിനെതുടര്‍ന്ന് സ്ഥിരീകരണത്തിനായി കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. ഔദ്യോഗിക അറിയിപ്പാണെങ്കില്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെക്കേണ്ടതാണ്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഇത് വ്യാജസന്ദേശമാണെന്ന കുറിപ്പോടെ കേരള പൊലീസ് 2023 ജൂലൈ 31 ന് പങ്കുവെച്ച പോസ്റ്റ് ലഭിച്ചു.
കേരള പൊലിസിന്റെ മീഡിയ സെന്ററും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍നിന്ന് ഇത്തരത്തില്‍ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന സന്ദേശം കേരള പൊലീസിന്‍റെയോ പൊലീസ് മേധാവിയുടെയോ ഔദ്യോഗിക അറിയിപ്പല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കത്തില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിച്ചു. സന്ദേശത്തില്‍ പറയുന്നത് IPC 233 എന്ന വകുപ്പിനെക്കുറിച്ചാണ്. കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് IPC യുടെ പൂര്‍ണമായ രേഖ പരിശോധിച്ചു. ഇതോടെ 233-ാം വകുപ്പ് കള്ളനാണയങ്ങളുടെ നിര്‍മാണമോ വിപണനമോ ആയി ബന്ധപ്പെട്ട ശിക്ഷാനിയമമാണെന്ന് വ്യക്തമായി.
പിന്നീട് സ്വയരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളെക്കുറിച്ച് പരിശോധിച്ചു. ഇതോടെ IPC 96 മുതല്‍ 106 വരെ വകുപ്പുകള്‍ സ്വയരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി.
മരണകാരണമായേക്കാവുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാനുള്ള സ്വയരക്ഷാവകാശത്തെക്കുറിച്ച് പറയുന്ന IPC 100-ാം വകുപ്പ് വിശദമായി പരിശോധിച്ചതോടെ ബലാത്സംഗശ്രമം ഉള്‍പ്പെടെ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ സ്വയരക്ഷയ്ക്കായി പ്രതിരോധിക്കാമെന്ന് വ്യക്തമായി.
ഇതോടെ ബലാത്സംഗ ശ്രമത്തിനിടെയോ മറ്റ് മരണകാരണമായേക്കാവുന്ന ആക്രമണത്തിനിടെയോ സ്വയരക്ഷയ്ക്കായി നടത്തുന്ന പ്രതിരോധത്തിനിടെ മരണം സംഭവിച്ചാല്‍ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായി. എന്നാല്‍ ഇത് ബലാത്സംഗത്തിന് പ്രതികാരമായി അക്രമിയെ പിന്നീട് കൊലപ്പെടുത്താനുള്ള അനുമതിയല്ലെന്നു്ം വ്യക്തം.
IPC 100 പ്രകാരമാണ് ഇത് പരാമര്‍ശിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന സന്ദേശങ്ങളില്‍ അവകാശപ്പെടുന്ന 233-ാം വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കായി IPC 233 -ാം വകുപ്പ് പ്രയോജനപ്പെടുത്താമെന്നും ഇതുവഴി അക്രമി കൊല്ലപ്പെട്ടാല്‍ കൊലപാതകത്തിന് കേസ് നിലനില്‍ക്കില്ലെന്നുമുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. IPC 233 വകുപ്പ് കള്ളനാണയത്തിന്റെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ടതാണ്. സ്വയരക്ഷയുമായി ബന്ധപ്പെട്ട വകുപ്പ് IPC-100 ആണെന്നും ഇത് ലിംഗഭേദമന്യേ ബാധകമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, പ്രചരിക്കുന്ന സന്ദേശം കേരള ഡിജിപിയോ പൊലീസോ നല്‍കിയതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.