സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേരള പൊലീസ് വനിതകള്‍ക്കായി പ്രത്യേക യാത്രാസഹായ പദ്ധതി ആവിഷ്ക്കരിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ സ്ത്രീകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള പദ്ധതിയെന്ന തരത്തിലാണ് പ്രചാരണം. 100, 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് സഹായം തേടാമെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.
പൊലീസ് കണ്‍ട്രോള്‍ റൂം വാഹനമോ തൊട്ടടുത്ത സ്റ്റേഷനിലെ പൊലീസ് വാഹനമോ നേരിട്ടെത്തി സഹായമാവശ്യപ്പെടുന്ന സ്ത്രീകളെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേരള പൊലീസ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദങ്ങള്‍ സംബന്ധിച്ച് പരിശോധിച്ചെങ്കിലും ഇത്തരമൊരു പദ്ധതിയെക്കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ പരിശോധിച്ചു. 100 എന്നത് കാലങ്ങളായി പൊലീസിന്റെ ഹെല്പ് ലൈന്‍ നമ്പറാണ്. പൊതുവായ ഏത് സാഹചര്യത്തിലും പൊലീസ് കണ്‍ട്രോള്‍ റൂം വഴി അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കണക്ട് ചെയ്യാനാണ് ഇതുപയോഗിച്ചു വന്നിരുന്നത്. സമാനമായി 1091 എന്ന നമ്പര്‍ അടിയന്തരഘട്ടങ്ങളിലെ സഹായങ്ങള്‍ക്കായി നടപ്പാക്കിയിരുന്നു. എന്നാല്‍ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതോടെ എല്ലാ ആവശ്യങ്ങള്‍ക്കും കേന്ദ്രീകൃത സംവിധാനമായി 112 എന്ന നമ്പര്‍ കൊണ്ടുവന്നതായി വ്യക്തമായി.
അതേസമയം പ്രചരിക്കുന്ന സന്ദേശത്തിലെ മൂന്നാമത്തെ നമ്പര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടതല്ലെന്നും പരിശോധനയില്‍ വ്യക്തമായി. 7837018555 എന്ന നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് ലുധിയാന പൊലീസ് 2019 ല്‍ ആവിഷ്ക്കരിച്ച പദ്ധതിയായിരുന്നുവെന്നും പദ്ധതി ഇപ്പോള്‍ നിലവിലില്ലെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായി.
തുടര്‍ന്ന് കേരള പൊലീസ് ഇത്തരം എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നും സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് അവകാശവാദങ്ങളുടെ നിജസ്ഥിതിയും അറിയാനായി കേരള പൊലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രമോദ് കുമാറുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഈ സന്ദേശം തീര്‍ത്തും വ്യാജമാണ് - കേരള പൊലീസ് ഇത്തരമൊരു സന്ദേശമോ അറിയിപ്പോ പങ്കുവെച്ചിട്ടില്ല. ഇതില്‍ പറയുന്ന 100, 1091 എന്നീ നമ്പറുകള്‍ പൊലീസിന്റെ ഹെല്പ് ലൈന്‍ നമ്പറുകള്‍ തന്നെയാണ്. എന്നാല്‍ ഈയിടെ ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഒരു കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് ആന്റ് സപ്പോര്‍ട്ട് സിസ്റ്റം എന്ന പേരില്‍ ആവിഷ്ക്കരിച്ച കണ്‍ട്രോള്‍ റൂമിലേക്ക് അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കാം. ഈ നമ്പര്‍ പൊതുജനങ്ങള്‍ക്ക് പരിചിതമാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്നതിനാല്‍ കേരളത്തില്‍ മറ്റ് നമ്പറുകളും ഇതേ കണ്‍ട്രോള്‍ റൂമിലേക്ക് ലഭ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 100 അല്ലെങ്കില്‍ 1091, കൂടാതെ പിങ്ക് പൊലീസ് ഹെല്പ് ലൈനായ 1515 തുടങ്ങിയ നമ്പറുകളെല്ലാം ഈ കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ കണക്ട് ചെയ്യുന്നത്. കേരള പൊലീസിന്റെ പോല്‍ ആപ്പ് വഴിയും ഇതേ കേന്ദ്രത്തിലേക്ക് കണക്ട് ചെയ്യാം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രാസഹായ പദ്ധതിയൊന്നും പൊലീസ് ആവിഷ്ക്കരിച്ചിട്ടില്ല. ഇത് തീര്‍ത്തും വ്യാജമായ അറിയിപ്പാണ്. അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടിയാല്‍ അനിവാര്യമായ സാഹചര്യങ്ങളില്‍ അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കും. ഇതിന് പ്രത്യേക പദ്ധതിയുടെ ആവശ്യമില്ല, പൊലീസ് കാലങ്ങളായി ചെയ്തുവരുന്ന കാര്യമാണ്.”
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ് മീഡിയ സെന്റര്‍ ഫെയ്സ്ബുക്ക് പേജ് വഴിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Conclusion:
സ്ത്രീകള്‍ക്ക് രാത്രിസമയത്ത് പൊലീസ് യാത്രാസഹായ പദ്ധതി ആവിഷ്ക്കരിച്ചതായി പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി 112 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സഹായം തേടാം. യാത്രാവശ്യങ്ങള്‍ക്കല്ല, സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവശ്യഘട്ടങ്ങളില്‍ അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ പൊലീസ് നേരത്തെ തന്നെ നടപടി സ്വീകരിക്കാറുണ്ടെന്നും പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.