Fact Check: ഷാഫി പറമ്പിലിനെ വിമര്‍ശിച്ച് കെ കെ രമ? വീഡിയോയുടെ സത്യമറിയാം
LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിനെ ഉള്‍പ്പെടെ ശക്തമായി വിമര്‍ശിക്കുന്ന കെ കെ രമയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 22 April 2024 3:08 PM GMTClaim: കെ കെ ശൈലജയ്ക്കെതിരായ സാമൂഹ്യമാധ്യമ അധിക്ഷേപങ്ങളില്‍ ഷാഫി പറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ
Fact: പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ. സംഭവത്തില്‍ ഷാഫി പറമ്പിലിനോ യുഡിഎഫ് നേതാക്കള്‍ക്കോ പങ്കില്ലെന്നും സ്ത്രീയെന്ന നിലയ്ക്ക് വിഷയത്തില്‍ കെ കെ ശൈലജയ്ക്കൊപ്പം നില്‍ക്കുന്നുവെന്നുമാണ് കെ കെ രമ പറഞ്ഞത്.
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ LDFഉം UDFഉം തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. LDF സ്ഥാനാര്‍ത്ഥിയായി കെ കെ ശൈലജയും UDF സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിലിലുമാണ് മത്സരരംഗത്ത്. പ്രചാരണച്ചൂടിലാണ് നാടും നഗരവും. എന്നാല്‍ അതിലേറെ ചൂടേറിയ പ്രചാരണങ്ങള്‍ നടക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കുവരെ എത്തിയതോടെ പൊലീസ് കേസെടുക്കുന്നതുവരെയെത്തി കാര്യങ്ങള്‍. കെ കെ ശൈലജയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരെ അവര്‍തന്നെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ അധിക്ഷേപ പ്രചാരണങ്ങള്‍ക്കുപിന്നില്‍ UDF സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെ ശൈലജയ്ക്കെതിരെ നടപടിയുമായി ഷാഫി പറമ്പിലും രംഗത്തെത്തി.
ഇതിന് പിന്നാലെയാണ് RMP നേതാവ് കെ കെ രമയുടെ പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. വടകരയില്‍ UDF നെ പിന്തുണ്ക്കുന്ന RMPയുടെ നേതാവുതന്നെ ഷാഫി പറമ്പിലിനെ വിമര്‍ശിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive)
കെ കെ രമയുടേത് വൈകിവന്ന ബോധോദയമാണെന്നും UDF നെ പിന്തുണയ്ക്കുന്നവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറയേണ്ടിവരുന്നത് ഗതികേടാണെന്നുമുള്ള അവകാശവാദങ്ങളോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ വീഡിയോ നിരവധി സ്ഥലങ്ങളില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ച്ചയായ സംസാരത്തില്‍നിന്ന് പലഭാഗങ്ങളും അടര്‍ത്തിമാറ്റുകയും ക്രമം മാറ്റി നല്‍കുകയും ചെയ്തതായി സൂചന ലഭിച്ചു.
തുടര്‍ന്ന് കെ കെ രമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മാതൃഭൂമി ഓണ്‍ലൈന്‍ 2024 ഏപ്രില്‍ 17 ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കെ കെ ശൈലജയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായതിനെ തള്ളിപ്പറയുകയും വിഷയത്തില്‍ ശൈലജയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും വ്യക്തമാക്കിയ കെകെ രമ പക്ഷേ സംഭവം ഷാഫി പറമ്പിലിന്റെ അറിവോടെയല്ലെന്നും പറഞ്ഞിട്ടുണ്ട്.
സംഭവം UDF സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റ അറിവോടെയാണെന്ന ആരോപണം അസംബന്ധമാണെന്ന് കെ കെ രമ വ്യക്തമാക്കിയതായി മനോരമ ന്യൂസ് ഓണ്‍ലൈനും വാര്‍ത്ത നല‍്കിയതായി കാണാം.
ഇതോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാകാമെന്ന വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് ഏപ്രില്‍ 17ന് നടന്ന പത്രസമ്മേളനത്തിന്റെ ദൈര്‍ഘ്യമേറിയ പതിപ്പ് മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്ത് പറയുന്ന “ഇപ്പോള്‍ ഏറ്റവുമവസാനം LDF സ്ഥാനാര്‍ത്ഥിയ്ക്കുനേരെ ഇത്തരത്തിലൊരു ലൈംഗിക അതിക്രമം ആരോപണമുണ്ടായി എന്ന് പറയുന്നിടത്തേക്ക് അത് എത്തിച്ചത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ അവിടുത്തെ സൈബര്‍ വിങുകളാണ്, സൈബര്‍ സെല്ലുകളാണ്”എന്ന വാക്യത്തിലെ ‘ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ’ എന്ന ഭാഗം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് കണ്ടെത്തി. യഥാര്‍ത്ഥ പത്രസമ്മേളനത്തില്‍ 2:34 സമയം യഥാര്‍ത്ഥ വാക്യത്തില്‍ അവര്‍ പൊലീസ് സൈബര്‍ സെല്ലുകളെയാണ് കുറ്റപ്പെടുത്തുന്നത്.
പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരുഭാഗത്ത് “യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി, യുഡിഎഫിന്റെയും ആര്‍എംപിയുടെയും പ്രതിനിധിയായി മത്സരിക്കുന്ന ഷാഫി പറമ്പില്‍ എന്ന സ്ഥാനാര്‍ത്ഥി, ആ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ഇതുപോലെയുള്ള പ്രചരണങ്ങള്‍ നടക്കുന്നത് ടീച്ചര്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കുകയാണ്” എന്ന വാക്യത്തില്‍നിന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കിയതായി കണ്ടെത്തി. സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് ഇതുപോലെയുള്ള പ്രചരണങ്ങള്‍ നടക്കുന്നത് എന്നത് അസംബന്ധമാണെന്നും അത് നിഷേധിക്കുന്നുവെന്നുമാണ് കെകെ രമയുടെ യഥാര്‍ത്ഥ പത്രസമ്മേളനത്തില്‍ 4:54 സമയത്തില്‍ കാണാനാവുന്നത്.
പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരുഭാഗത്ത് “ഇനി യുഡിഎഫിന്റെ നേതാക്കന്മാരോ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ഭാഗത്തുനിന്നോ അങ്ങനെയുള്ളവരെ പൂര്‍ണ ഒരു തരത്തിലും സംരക്ഷിക്കാനോ ഞങ്ങള്‍ തയ്യാറല്ല എല്ലാ അര്‍ത്ഥത്തിലും അതിനെ തള്ളിപ്പറയുന്നു” എന്ന വാക്യവും എഡിറ്റ് ചെയ്തതായി കണ്ടെത്തി. യഥാര്‍ത്ഥ പത്രസമ്മേളനത്തില്‍ 12:28 സമയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയോ നേതാക്കളുടെയോ ഭാഗത്തുനിന്ന് ഇത്തരം സമീപനം ഉണ്ടായിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും വ്യക്തമായി.
കെ കെ ശൈലജയ്ക്കെതിരായ സമൂഹമാധ്യമ അധിക്ഷേപത്തില്‍ ഷാഫി പറമ്പിലിനെ തള്ളിപ്പറയുന്നതായി പ്രചരിക്കുന്ന കെ കെ രമയുടെ വീഡിയോ എഡിറ്റ് ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്ന അവര്‍ ഒരു സ്ത്രീയെന്ന നിലയില്‍ കെ കെ ശൈലജയ്ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.