വിദ്യഭ്യാസ വിചക്ഷണനും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന എന്‍ഡോവ്മെന്റ് ഈ വര്‍ഷം സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ലഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സമസ്തയിലെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് ആഭ്യന്തര കലഹം നിലനില്‍ക്കുന്നതിനിടെയാണ് പ്രചാരണം. (Archive)
സമസ്തയിലെ ഒരു വിഭാഗം സിപിഐഎമ്മിനോട് അടുപ്പം കാണിക്കുന്നുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ സുപ്രഭാതം പത്രത്തിന്റെ ഒരു ചടങ്ങില്‍നിന്ന് മുസ്ലിംലീഗ് നേതാക്കള്‍ വിട്ടുനിന്നതും ജിഫ്രിതങ്ങള്‍ ലീഗിനെതിരെ പരോക്ഷവിമര്‍ശനം നടത്തിയതുമെല്ലാം ചര്‍ച്ചയായിരുന്നു. സുപ്രഭാതത്തെ അനുകൂലിച്ച് കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന എന്‍ഡോവ്മെന്റ് ജിഫ്രി തങ്ങള്‍ക്ക് ലഭിച്ചതായി മീഡിയവണ്‍ വാര്‍ത്ത നല്‍കിയതായി കാണിക്കുന്ന സ്ക്രീന്‍ഷോട്ട് നിരവധി പേര്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
സമസ്തയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ ഒരു എന്‍ഡോവ്മെന്റ് ജിഫ്രി തങ്ങള്‍ക്ക് നല്‍കുന്നതിലെ അസ്വാഭാവികതയാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്. തുടര്‍ന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പരിശോധിച്ചതോടെ ഇത് എഡിറ്റ് ചെയ്തതാകാമെന്ന തരത്തില്‍ പ്രകടമായ ചില സൂചനകള്‍ കണ്ടെത്തി. സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് മീഡിയവണ്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്താലിങ്കാണ്.എന്നാല്‍ വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്തയുടെ ലിങ്കില്‍ ഉപയോഗിക്കുന്ന ചിത്രത്തിലെ ഫോണ്ട് മീഡിയവണിന്റെ യഥാര്‍ത്ഥ ഫോണ്ടില്‍നിന്ന് വ്യത്യസ്തമാണ്. കൂടാതെ, നല്‍കിയ ഹാഷ്ടാഗുകളില്‍ ജിഫ്രിതങ്ങളുടെ പേരില്‍ നല്‍കിയ ഹാഷ്ടാഗിന്റെ വലുപ്പവും അതില്‍ ക്യാപ്പിറ്റല്‍ അക്ഷരങ്ങള്‍ ഉപയോഗിക്കാത്തതും അത് എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചനയായി.
തുടര്‍ന്ന് മീഡിയവണിന്റെ ഫെയ്സ്ബുക്ക് പേജില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവര്‍ പങ്കുവെച്ച യഥാര്‍ത്ഥ വാര്‍ത്താലിങ്ക് കണ്ടെത്തി. കൊളത്തൂര്‍ മൗലവി എന്‍ഡോവ്മെന്റെ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്-വിക്ക് എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് ചിത്രം വാര്‍ത്താലിങ്കില്‍ നല്‍കിയിരിക്കുന്നത്. ഫോണ്ടുകളിലെയും ഹാഷ്ടാഗുകളിലെയും വ്യത്യാസവും കാണാം. (Archive)
തുടര്‍ന്ന് പ്രസ്തുത ലിങ്കില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയും പരിശോധിച്ചു. 2024 മെയ് 25 ന് രാവിലെ 9.37 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോവ്മെന്റ് ലഭിച്ചിരിക്കുന്നത് ദാറുല്‍ ഹുദാ ഇസ്‍ലാമിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്കാണെന്ന് വ്യക്തമാക്കുന്നു. ജൂണ്‍ 3ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്കാരം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് മാധ്യമങ്ങളും ഇതേ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
കൊളത്തൂര്‍ മൗലവി എന്‍ഡോവ്മെന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ലഭിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. എഡിറ്റ് ചെയ്ത സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്നും എന്‍ഡോവ്മെന്റ് ബഹാഉദ്ദീന്‍ നദ്-വിയ്ക്ക് ലഭിച്ചതായാണ് മീഡിയവണിന്റെ യഥാര്‍ത്ഥ വാര്‍ത്തയെന്നും അന്വേഷണത്തില്‍ വ്യക്തമായി.