സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് പുതിയ വൈദ്യുതി നിരക്കുകള്‍ നടപ്പാക്കിയെന്നും ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാണെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. TOD അഥവാ ടൈംസ് ഓഫ് ദി ഡേ എന്ന പേരില്‍ നടപ്പാക്കിയ പുതിയ താരിഫ് അനുസരിച്ച് വൈകിട്ട് ആറുമുതല്‍ രാത്രി പത്തുവരെ മൂന്ന് മടങ്ങ് അധിക ചാര്‍ജും പകല്‍ സമയത്ത് 25% കുറഞ്ഞ ചാര്‍ജുമാണ് പുതിയ താരിഫ് പ്രകാരം ഈടാക്കുന്നതെന്നാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിരക്കുകള്‍ സംബന്ധിച്ച അവകാശവാദം തെറ്റാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചാരണത്തില്‍ പരാമര്‍ശിക്കുന്ന ടിഒഡി അഥവാ ടൈംസ് ഓഫ് ദി ഡേ എന്ന സംവിധാനത്തെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2025 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന സംവിധാനവുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ പറയുന്ന നിരക്കുകള്‍ പ്രചരിക്കുന്ന സന്ദേശത്തിലേതില്‍നിന്ന് വ്യത്യസ്തമാണ്.
മാതൃഭൂമി വാര്‍ത്തയനുസരിച്ച് വൈകിട്ട് ആറുമുതല്‍ രാത്രി പത്തുവരെ സമയത്ത് 25% മാത്രമാണ് വര്‍ധന. കൂടാതെ പകല്‍സമയത്തെ കിഴിവ് 10 ശതമാനമാണ്. മാത്രവുമല്ല, 500 യൂണിറ്റിലേറെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ജനുവരി മുതല്‍ താരിഫ് നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മനോരമ ഓണ്‍ലൈനിലും സമാനമായ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ലഭിച്ചു. മനോരമ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഏപ്രില്‍ മുതല്‍ 250 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ നിരക്ക് നിലവില്‍ വരുമെന്നും പറയുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ഇബിയുടെ ടിഒഡി ബില്ലിങ് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ ലഭ്യമായി. 2025 മാര്‍ച്ചില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 500 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ജനുവരി മുതലാണ് ടിഒഡി നിരക്ക് നിലവില്‍ വന്നത്. 250 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ നിരക്ക് നിലവില്‍വരുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതോടെ ടിഒഡി നിരക്ക് 250 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് ബാധകമല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് വ്യകതതയ്ക്കായി കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധാരണാജനകമാണെന്നും അതില്‍ പറയുന്ന നിരക്കുകളല്ല ടിഒഡി പ്രകാരം ഈടാക്കുന്നതെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക പേജില്‍ ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണ കുറിപ്പും ലഭിച്ചു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
ടിഒഡി എന്ന പേരില്‍ കെഎസ്ഇബി ഏര്‍പ്പെടുത്തിയ പുതിയ നിരക്കില്‍ വൈകിട്ട് ആറുമുതല്‍ പത്തുവരെ മൂന്ന് മടങ്ങ് അധികനിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വ്യാവസായിക ഉപഭോക്താക്കള്‍ക്കും 250 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ബാധകമായ ഈ സംവിധാനത്തില്‍ പീക്ക് സമയത്ത് 25% അധികനിരക്കാണ് ഈടാക്കുന്നത്. പകല്‍സമയത്ത് പത്ത് ശതമാനം കുറഞ്ഞ നിരക്കും ഈടാക്കുന്നു.