ബസ്സില്‍ ഡ്രൈവറുടെ സീറ്റ് കൈയ്യേറുന്ന രാജസ്ഥാനി യുവതി: വീഡിയോയുടെ വസ്തുതയറിയാം

തിരക്കുള്ള ബസ്സില്‍ ഡ്രൈവറുടെ സീറ്റിലിരിക്കുന്ന യുവതി ഡ്രൈവറെത്തിയപ്പോള്‍ അദ്ദേഹവുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  23 March 2023 1:56 AM IST
ബസ്സില്‍ ഡ്രൈവറുടെ സീറ്റ് കൈയ്യേറുന്ന രാജസ്ഥാനി യുവതി: വീഡിയോയുടെ വസ്തുതയറിയാം

ബസ്സില്‍ ഡ്രൈവറുടെ സീറ്റ് കൈയ്യേറുന്ന യുവതിയുടെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരക്കേറിയ ബസ്സില്‍ ഡ്രൈവറുടെ സീറ്റിലിരിക്കുന്ന യുവതി പിന്നീട് ഡ്രൈവറെത്തുമ്പോള്‍ അദ്ദേഹവുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.




DYFI Palad എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ദൃശ്യങ്ങള്‍ക്കൊപ്പം ഇതുപോലൊരു രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന വിവരണവും കാണാം.




CPIM Edavanna Local Committee എന്ന പേജില്‍ നിന്നും ഇതേ അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ചതായി കാണാം.


Fact-check:

DYFI Palad എന്ന പേജില്‍നിന്ന് പങ്കുവെച്ച വീഡിയോയുടെ ദൈര്‍ഘ്യം 15 സെക്കന്‍റ് മാത്രമായിരുന്നു. എന്നാല്‍ CPIM Edavanna Local Committee എന്ന പേജില്‍നിന്ന് പങ്കുവെച്ച വീഡിയോ രണ്ട് മിനുറ്റ് 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതായി കണ്ടെത്തി. ഇതില്‍നിന്നും കൂടുതല്‍ ദൈര്‍ഘ്യമുള്ള പൂര്‍ണവീഡിയോ ലഭിക്കാനുള്ള സാധ്യത തേടി.

സാഹചര്യവുമായി ബന്ധപ്പെടുത്തി ഏതാനും കീവേഡുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയതോടെ യൂട്യൂബില്‍ 2020 ഡിസംബറില്‍ പങ്കുവെച്ച ഒരു വീഡിയോ ലഭിച്ചു. Children gmeing എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഈ വീഡിയോയുടെ ദൈര്‍ഘ്യം 6 മിനുറ്റ് 41 സെക്കന്‍റാണ്.


സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കിയ ഒരു ഹാസ്യവീഡിയോ ആണിതെന്ന് വീഡിയോ പൂര്‍ണമായി കണ്ടാല്‍ മനസ്സിലാക്കാം. വീഡിയോയെക്കുറിച്ച് നല്‍കിയ വിവരണത്തിലും ഹാസ്യവീഡിയോ ആണെന്ന് പറയുന്നുണ്ട്. വിവിധ രംഗങ്ങളില്‍ അനുയോജ്യമായ പശ്ചാത്തല ശബ്ദങ്ങളടക്കം ചേര്‍ത്ത് നിര്‍മിച്ച വീഡിയോയില്‍ യുവതിയും കൂടെയുള്ള സ്ത്രീയും ബസ്സില്‍ കയറുന്നത് മുതലുള്ള ദൃശ്യങ്ങളുണ്ട്. യൂട്യൂബ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ Hema Prajapat, Marwadi Comedy തുടങ്ങിയ വാക്കുകളും ഹാഷ്ടാഗുകളും കാണാം.

തുടര്‍ന്ന് ഈ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ നടത്തിയ തിരച്ചിലില്‍ ഇവരഭിനയിച്ച നിരവധി ഹാസ്യ വീഡിയോകള്‍ കണ്ടെത്താനായി.


ഇതോടെ പ്രചരിക്കുന്ന വീഡിയോ ഒരു ഹാസ്യവീഡിയോ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.


Conclusion:

രാജസ്ഥാനില്‍ തിരക്കേറിയ ബസ്സില്‍ ഡ്രൈവറുടെ സീറ്റ് കൈയ്യേറിയ ശേഷം ഡ്രൈവറുമായി തര്‍ക്കിക്കുന്ന സ്ത്രീകളുടെ വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒരു ഹാസ്യ വീഡിയോ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മുഖ്യവേഷത്തില്‍ അഭിനയിച്ച ഹേമ പ്രജാപതിന്‍റെ വേറെയും ഹാസ്യ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്.

Claim Review:Lady disputes with bus driver occupying driver seat in Rajastan
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story