Fact Check: ഇത് അഹമ്മദാബാദിലെ വിമാനാപകടത്തിന് തൊട്ടുമുന്‍പത്തെ ദൃശ്യങ്ങളോ?

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണതിന് പിന്നാലെ വിമാനാപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിലെ യാത്രക്കാരന്‍ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP
Published on : 13 Jun 2025 1:03 PM IST

Fact Check: ഇത് അഹമ്മദാബാദിലെ വിമാനാപകടത്തിന് തൊട്ടുമുന്‍പത്തെ ദൃശ്യങ്ങളോ?
Claim:അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ
Fact:പ്രചാരണം അടിസ്ഥാനരഹിതം, വീഡിയോ 2023 ജനുവരിയില്‍ നേപ്പാളിലുണ്ടായ വിമാനാപകടത്തിന്റെതാണെന്നും എയര്‍ഇന്ത്യ അപകടവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ വിമാനാപകടത്തിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു വിമാനത്തിന്റെ വിന്‍ഡോ സീറ്റില്‍നിന്ന് പുറത്തേക്കുള്ള ദൃശ്യങ്ങളില്‍ തുടങ്ങി വിമാനം അപകടത്തില്‍പെടുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍. വീഡിയോ ചിത്രീകരിച്ച വ്യക്തിയെയും മറ്റ് യാത്രികരെയും ഇതില്‍ കാണാനാവുന്നുണ്ട്.




Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതിന്റെ ഉള്‍വശം എയര്‍ഇന്ത്യ വിമാനത്തിന്റേതല്ലെന്ന സൂചന ലഭിച്ചു. അപകടത്തില്‍പെട്ട എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് വരുന്നതിനിടെ ഒരു യാത്രക്കാരന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെയും പ്രചരിക്കുന്ന വീഡിയോയിലെയും വിമാനത്തിന്റെ ഇന്റീരിയര്‍ വ്യത്യസ്തമാണെന്നത് വീഡിയോ മറ്റേതെങ്കിലും സാഹചര്യത്തിലേതാകാമെന്നതിന്റെ ആദ്യസൂചനയായി.

തുടര്‍ന്ന് വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വീഡിയോ നേരത്തെ 2023 ല്‍ വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലില്‍ 2023 ജനുവരി 16 ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് അടിക്കുറിപ്പായി നേപ്പാള്‍ വിമാനാപകടത്തില്‍ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നാണ് നല്‍കിയിരിക്കുന്നത്.




യെതി എയര്‍ലൈന്‍ പൊഖാരയില്‍വെച്ച് അപകടത്തില്‍പെട്ടതിന്റെ ദൃശ്യങ്ങളാണിതെന്ന് വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. ഈ സൂചനകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ മറ്റ് ചില മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. ദി സ്റ്റാര്‍ എന്ന മാധ്യമം നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് സോനു ജയ്സ്വാള്‍ എന്ന യാത്രക്കാരനാണ് ഫെയ്സ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ചത്.




മറ്റ് ചില പ്രാദേശിക മാധ്യമങ്ങളും അപകടവുമായി ബന്ധപ്പെട്ട് ഈ വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചതായി കണ്ടെത്തി.



ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 2025 ജൂണ്‍ 12 ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടവുമായി ബന്ധമില്ലെന്ന് വ്യക്തമായി.


Conclusion:

അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പെടുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ 2023ല്‍ നേപ്പാളിലുണ്ടായ വിമാനാപകടത്തിന്റേതാണെന്ന് കണ്ടെത്തി.

Claim Review:അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം, വീഡിയോ 2023 ജനുവരിയില്‍ നേപ്പാളിലുണ്ടായ വിമാനാപകടത്തിന്റെതാണെന്നും എയര്‍ഇന്ത്യ അപകടവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Next Story