ചാരായം കഴിച്ച പുള്ളിപ്പുലിയുടേതെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കര്‍ണാടകയിലെ കുടകില്‍നിന്നുള്ള വീഡിയോ ആണെന്നും ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലി ചാരായക്കടയില്‍നിന്ന് ചാരായം കഴിക്കുകയും പിന്നീട് നടക്കാനാവാത്ത നിലയില്‍ അവശനായ പുലിയെ നാട്ടുകാര്‍ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നുമാണ് അവകാശവാദം. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പുലിയെ നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവശനിലയിലായ പുലിയാണ് ദൃശ്യങ്ങളിലുള്ളതെന്നും സംഭവം കര്‍ണാടകയിലല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതോടെ ഇത് കര്‍ണാടകയിലുണ്ടായ സംഭവമല്ലെന്നും 2023 ഓഗസ്റ്റില്‍ മധ്യപ്രദേശിലുണ്ടായ സംഭവമാണെന്നും ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഇത് ചാരായം കഴിച്ച പുലിയല്ലെന്നും നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ച പുലിയാണെന്നും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി.
2023 ഓഗസ്റ്റ് 31ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. നാഡീസംബന്ധമായ അസുഖം ബാധിച്ച പുലിയെ ചികിത്സയ്ക്കായി ഇന്‍ഡോറിലെ മൃഗശാലയിലെത്തിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമാനമായ റിപ്പോര്‍ട്ട് ഹിന്ദുസ്ഥാന്‍ ടൈംസും ഇതേദിവസം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
കര്‍ണാടകയിലെ കുടകില്‍ ചാരായം കഴിച്ച് അവശനിലയിലായ പുലിയെ നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോകുന്നുവെന്ന വിവരണത്തോടെ പങ്കുവെയ്ക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് 2023 ല്‍ മധ്യപ്രദേശില്‍ നടന്ന സംഭവമാണെന്നും നാഡീസംബന്ധമായ അസുഖം ബാധിച്ച പുലിയാണ് ദൃശ്യങ്ങളിലുള്ളതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പുലിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോര്‍ മൃഗശാലയിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.