കേരളത്തില്‍ SIR വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു ലിങ്ക് സഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ ലിങ്കുപയോഗിച്ച് SIR വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും പറയുന്നു. SIR എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയ്ക്ക് തലേദിവസമാണ് ഇത്തരം സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കൂടുതലായും വാട്സാപ്പിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്.
Fact-check:
പ്രചാരണം വസ്തതുതാ വിരുദ്ധമാണെന്നും SIR വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കാണ് ആദ്യം പരിശോധിച്ചത്. വോട്ടര്‍ സര്‍വീസസ് പോര്‍ട്ടലിന്റെ ലിങ്കാണിത്. ഇതില്‍ കയറിയാല്‍ എപിക് നമ്പര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിക്കാനാവും.
എന്നാല്‍ SIR പ്രകാരം പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ പോര്‍ട്ടലിലേത് പഴയവിവരങ്ങള്‍ ആകാമെന്ന സൂചന ലഭിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി സംസ്ഥാനത്തെ SIR നടപടിക്രമങ്ങളുടെ സമയക്രമം പരിശോധിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് ഡിസംബര്‍ 18 ന് ആണ് എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 23 നാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് 2026 ഫെബ്രുവരിയിലാണ്.
ഇതോടെ നിലവില്‍ SIR ഫോം സമര്‍പ്പിക്കേണ്ട സമയം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്നും വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇനിയും ഏറെ നടപടിക്രമങ്ങള്‍ ഉണ്ടെന്നും വ്യക്തമായി. ഈ നടപടിക്രമങ്ങള്‍ വിശദീകരിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഡിസംബര്‍ 18 ന് നടത്തിയ വാര്‍ത്താസമ്മേളനവും ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് ഓരോ ബൂത്തിലും വോട്ടര്‍പട്ടികയില്‍നിന്ന് വിവിധ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടേക്കാവുന്ന ആളുകളുടെ വിവരങ്ങളടങ്ങുന്ന ASD പട്ടിക പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2025 ഡിസംബര്‍ 17 നാണ് ഇത് പ്രസിദ്ധീകരിച്ചത്. ആബ്സന്റ് (A), ഷിഫ്റ്റഡ് (S), ഡെഡ്/ഡ്യൂപ്ലിക്കേറ്റ് (D) എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തവരുടെ വിവരങ്ങളാണിത്.
ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ലിങ്കിലേത് റദ്ദാക്കിയ പട്ടികയിലെ വിവരങ്ങളാണെന്നും പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമായി.
Conclusion:
SIR വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. 2025 ഡിസംബര്‍ 18ന് എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട തിയതി മാത്രമാണ് കഴിഞ്ഞത്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 23 നും അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 21 നുമാണ് പ്രസിദ്ധീകരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്.