കര്‍ണാടകയില്‍ പാചകവാതകത്തിന് വില കുറച്ചോ? വസ്തുതയറിയാം

കോണ്‍ഗ്രസ് അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഏതാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാചകവാതക സിലിണ്ടറിന്റെ വില 500 രൂപയാക്കി കുറച്ചു എന്ന പ്രചരണം.

By -  HABEEB RAHMAN YP |  Published on  26 May 2023 5:27 PM IST
കര്‍ണാടകയില്‍ പാചകവാതകത്തിന് വില കുറച്ചോ? വസ്തുതയറിയാം

കര്‍ണാടകയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 500 രൂപയാക്കി കുറച്ചുവെന്ന് പ്രചരണം. കേരളത്തിലെ വിലയും കര്‍ണാടകയിലെ വിലയും താരതമ്യം ചെയ്യുന്ന ചിത്രസഹിതമാണ് സിലിണ്ടറിന്‍റെ വില കുറച്ചുവെന്ന അവകാശവാദം. വാഗ്ദാനം 24 മണിക്കൂറിനകം പ്രാവര്‍ത്തികമാക്കി എന്ന വിവരണത്തോടെ പങ്കുവെച്ച ചിത്രത്തില്‍ കര്‍ണാകയില്‍ വില 500 രൂപയും കേരളത്തില്‍ 1160 ഉം ആണെന്ന് കാണിച്ചിരിക്കുന്നു.

Saly Rattakkolly എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ചേര്‍ത്ത വിവരണത്തില്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണെന്നും പറയുന്നു.


Bava Mash Kalliyath എന്ന പ്രൊഫൈലില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.


Fact-check:

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് വലിയ വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസഭ അധികാരമേറ്റ ശേഷം ചേര്‍ന്ന ആദ്യയോഗത്തിലെ തീരുമാനങ്ങള്‍ക്കും ഏറെ വാര്‍ത്താപ്രാധാന്യമുണ്ട്. പ്രചരിക്കുന്ന സന്ദേശത്തില്‍ അവകാശപ്പെടുന്നതനുസരിച്ച് ആദ്യ 24 മണിക്കൂറിനകം വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാചകവാതക വില കുറച്ചുവെന്നാണ്. ഇതുമായി ബന്ധപ്പെട്ട ഏതാനും കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ കോണ്‍ഗ്രസ് അധികാരമേറ്റ ശേഷം നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


The Hindu 2023 മെയ് 20 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി പറയുന്നു.

വിശദമായ വായനയില്‍ ഈ വാഗ്ദാനങ്ങള്‍ ഏതൊക്കെയാണെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയതായി കണ്ടെത്തി.


വീടുകളില്‍ പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി, ഗൃഹനാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപവീതം നല്‍കുന്ന ഗൃഹലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 10 കിലോഗ്രാം അരി നല്‍കുന്ന അന്നഭാഗ്യ, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപയും ‍ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും നല്കുന്ന യുവനിധി, ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി എന്നീ പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് കാണാം.

ഈ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ലഭ്യമായി.


മലയാള മാധ്യമങ്ങളും ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഇതോടെ കര്‍ണാടകയിലെ ആദ്യമന്ത്രിസഭായോഗത്തില്‍ പാചകവാതകത്തിന് വിലകുറയ്ക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പരിശോധിച്ചതോടെ ഇത്തരമൊരു വാഗ്ദാനം പ്രകടന പത്രികയില്‍ ഇല്ലെന്നും വ്യക്തമായി.


തുടര്‍ന്ന് കര്‍ണാടകയിലെ നിലവിലെ പാചകവാതക വില പരിശോധിച്ചു. പ്രധാന നഗരമായ ബാംഗ്ലൂരിലെ ശരാശരി നിരക്ക് (2023 മെയ് 26ന്) 1,105 രൂപയാണെന്ന് വ്യക്തമായി.



ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.

Conclusion:

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്‍റെ ഭാഗമായി പാചകവാതക സിലിണ്ടറിന്‍റെ വില 500 രൂപയാക്കി കുറച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കോണ്‍ഗ്രസ് ആദ്യ മന്ത്രിസഭായോഗത്തില്‍ നടപ്പാക്കിയ പദ്ധതികളിലോ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലോ പാചകവാതക വില കുറയ്ക്കുന്നതായി പരാമര്‍ശമില്ലെന്നും കണ്ടെത്തി.

Claim Review:LPG price reduced to 500 per cylinder in Karnataka
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story